പ്രവാസികളുടെ മേൽ അമിത വിമാനക്കൂലി അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടി കൊടും ക്രൂരത:  കെ സി വേണുഗോപാൽ

Jaihind News Bureau
Tuesday, May 5, 2020
കോവിഡ് ഭീതിയിൽ നിന്നും രക്ഷപ്പെട്ടു നാട്ടിലേക്ക് പലായനം ചെയ്യുന്ന പ്രവാസികളുടെ മേൽ അമിത വിമാനക്കൂലി അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടി കൊടും ക്രൂരതയാണെന്നു എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രവാസികളും, അവരുടെ ഉറ്റ ബന്ധുക്കളും, അല്ലാത്തവരുമായ അനേകം പേരുടെ പ്രതിഷേധത്തിന്റെ ഫലമായിട്ടാണ് കേന്ദ്ര സർക്കാർ പ്രവാസികളെ നാട്ടിലെത്തിക്കാൻ വളരെ വൈകിയെങ്കിലും നടപടി സ്വീകരിച്ചത്. ഏറ്റവുമധികം ബുദ്ധിമുട്ടനുഭവിക്കുന്നവരാണ് ഇപ്പോൾ ഈ ഘട്ടത്തിൽ എങ്ങനെയെങ്കിലും നാട്ടിലെത്തണമെന്ന ഉദ്ദേശത്തോടെ സർക്കാർ നിർദേശങ്ങൾ അനുസരിച്ചു പ്രത്യേക വിമാനങ്ങളിൽ യാത്ര ചെയ്യാൻ മുന്നോട്ട് വന്നിരിക്കുന്നത്. പ്രവാസി സഹോദരങ്ങളുടെ ഈ ദുരവസ്ഥ മുതലെടുത്തു മൂന്നിരട്ടി വരെ വിമാനക്കൂലി വർധിപ്പിച്ചാണ് കേന്ദ്രസർക്കാർ ഈ കൊടുംകൊള്ളക്ക് അവസരമൊരുക്കി കൊടുത്തിരിക്കുന്നത്. ഇത് മനുഷ്യത്വ വിരുദ്ധവും കടുത്ത അനീതിയുമാണെന്നു കെ സി വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു. ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന, തൊഴിൽ നഷ്ടമായവരും, രോഗികളും, ഗർഭിണികളും ഉൾപ്പെടെയുള്ളവർക്ക് സൗജന്യമായും, മറ്റുള്ളവർക്ക് സാധാരണ  നിരക്കിലും യാത്രാസൗകര്യം ഒരുക്കാൻ കേന്ദ്രസർക്കാർ അടിയന്തിരമായി നടപടികൾ സ്വീകരിക്കണമെന്ന് വേണുഗോപാൽ ആവശ്യപ്പെട്ടു.