കസഖ്സ്ഥാനില്‍ എണ്ണപ്പാടത്ത് സംഘര്‍ഷം; മലയാളികളുള്‍പ്പെടെ നിരവധി തൊഴിലാളികള്‍ കുടുങ്ങി

Sunday, June 30, 2019

കസഖ്സ്ഥാനിൽ ഏറ്റവും വലിയ എണ്ണപ്പാടമായ ടെങ്കിസില്‍ തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് മലയാളികളുൾപ്പെടെ നിരവധിപ്പേർ പ്രദേശത്ത് കുടുങ്ങി.പ്രകോപനമുണ്ടാക്കുന്ന ഒരു ഫോട്ടോ തൊഴിലാളികള്‍ക്കിടയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് വിദേശി തൊഴിലാളികളും സ്വദേശി തൊഴിലാളികളും തമ്മില്‍ സംഘര്‍ഷമുണ്ടായതെന്നാണ് റിപ്പോർട്ടുകള്‍. ശനിയാഴ്ച ഉച്ചയോടെയുണ്ടായ 30 പേർക്ക് പരിക്ക് ഏറ്റതായാണ് വിവരം.

കസഖ്സ്ഥാന്‍ വനിതാ തൊഴിലാളിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രം വിദേശതൊഴിലാളി മൊബൈലില്‍ പ്രചരിപ്പിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായതെന്നാണ് അറിയുന്നത്. തുടര്‍ന്ന് പ്രാദേശിക തൊഴിലാളികള്‍ വിദേശ തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു.

എണ്ണപ്പാടത്ത് ജോലിയിലുണ്ടായിരുന്ന മലയാളികളടക്കം 150 ഇന്ത്യക്കാര്‍ സംഘര്‍ഷത്തെ തുടർന്ന് കസഖ്സ്ഥാനിൽ കുടുങ്ങി.  ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കസാഖ്സ്ഥാനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ടെങ്കിസില്‍ കുടുങ്ങിയ ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള ടെലഫോണ്‍ നമ്പര്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു.  +77012207601 ഈ നമ്പറില്‍ വിവരങ്ങള്‍ ലഭ്യമാകും.