ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സ്ഥിതി കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെ ശാന്തമാണെങ്കില്‍ എന്തിന് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് തിരിച്ചയച്ചതെന്ന് കോണ്‍ഗ്രസ്. കശ്മീരില്‍ എന്തുകാര്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് പ്രസ്താവനയിലൂടെ ചോദിച്ചു. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കശ്മീരില്‍ സന്ദര്‍ശനത്തിന് എത്തിയ പ്രതിപക്ഷ നേതാക്കളെ വിമാനത്താവളത്തില്‍ തടഞ്ഞത്. ശ്രീനഗര്‍ വിമാനത്താവളത്തിലാണ് ഇവരെ തടഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളിലെ പത്തു നേതാക്കളാണ് ശ്രീനഗറില്‍ എത്തിയത്.
കശ്മീരിലെ സ്ഥിതിഗതികള്‍ നേരിട്ടുവന്നു മനസിലാക്കാന്‍ നേരത്തെ ഗവര്‍ണര്‍ സത്യപാല്‍ മാലിക് രാഹുലിനെ ക്ഷണിച്ചിരുന്നു. കശ്മീരില്‍ പൗരസ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നു എന്ന അഭിപ്രായത്തിനു പ്രതികരണമായി ആയിരുന്നു ഗവര്‍ണറുടെ ക്ഷണം. ഇതു സ്വീകരിച്ച രാഹുല്‍ കശ്മീരില്‍ എത്തുമെന്നു ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ഗവര്‍ണര്‍ ക്ഷണം പിന്നീടു പിന്‍വലിച്ചെങ്കിലും രാഹുലിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കശ്മീരിലേക്കു പോവാന്‍ തീരുമാനിക്കുകയായിരുന്നു.
രാഹുലിനെക്കൂടാതെ സീതാറാം യെച്ചൂരി, ഗുലാംനബി ആസാദ്, ഡി രാജ, ശരദ് യാദവ്, മനോജ് ഝാ, മജീദ് മേമന്‍ തുടങ്ങിയവരാണ് സംഘത്തില്‍ ഉള്ളത്. ശ്രീനഗറില്‍ എത്തിയ ഇവര്‍ക്കു മാധ്യമങ്ങളെ കാണാനും അനുമതി നല്‍യില്ല. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം ആദ്യമായാണ് രാഹുല്‍ കശ്മീരില്‍ എത്തുന്നത്.