രാഹുല്‍ഗാന്ധിയെ ശ്രീനഗറില്‍ തടഞ്ഞു; മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

Jaihind Webdesk
Saturday, August 24, 2019

കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ഗാന്ധിയെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞു. മാധ്യമങ്ങളെ കാണുന്നതിനും രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ അനുവദിച്ചില്ല. രണ്ടുമണിയോടെ ശ്രീനഗര്‍ വിമാനത്താവളത്തിലെത്തിയ പ്രതിപക്ഷ സംഘത്തെ വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ അനുവദിച്ചില്ല.വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലീസിന്‍റെ മര്‍ദ്ദനമേറ്റു. ഇന്ത്യാ ടുഡേയുടെ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കാണ് മര്‍ദ്ദനമേറ്റത്.

പ്രതിപക്ഷ നിരയിലെ ഒമ്പത് നേതാക്കളോടൊപ്പമാണ് രാഹുല്‍ഗാന്ധി കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയത്.  ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ, ഡി.രാജ, സീതാറാം യെച്ചൂരി, മനോജ് ഝാ തുടങ്ങിയവരാണ് രാഹുലിനൊപ്പമുള്ള സംഘത്തിലുള്ളത്. സംഘം കശ്മീരിലെ പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.  പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം കശ്മീരില്‍ അക്രമസംഭവങ്ങള്‍ ഉണ്ടാവുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇതു സംബന്ധിച്ച ഉത്കണ്ഠകള്‍ക്ക് സുതാര്യമായ രീതിയില്‍ പരിഹാരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാവണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.