ഒഴിവുകൾ കൃത്യസമയത്ത് സർക്കാർ റിപ്പോർട്ട് ചെയ്യുന്നില്ല ; സംസ്ഥാനത്ത് കെ എ എസ് നിയമനങ്ങൾ അനിശ്ചിതത്വത്തിൽ

Jaihind Webdesk
Friday, August 26, 2022

തിരുവനന്തപുരം : സംസ്ഥാനത്ത് കെ എ എസ് നിയമനങ്ങൾ അനിശ്ചിതത്വത്തിൽ. ഒഴിവുകൾ സമയത്ത് സർക്കാർ പി എസ് സി ക്ക് റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ആക്ഷേപം. ആദ്യ കെ എ എസ് ലിസ്റ്റിന്‍റെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പുതിയ വിഞ്ജാപനത്തിനുള്ള പ്രാരംഭ നടപടികൾ പോലും പി എസ് സി ഇതുവരെയു ആരംഭിച്ചിട്ടില്ല.

ഭരണതലത്തിൽ തീരുമാനമെടുക്കാന്‍ കഴിവുള്ള ഉദ്യോഗസ്ഥരില്‍ നിന്ന് മിടുക്കരെ കൊണ്ടു വരാനായിരുന്നു കെ എ എസിലൂടെ സർക്കാർ ലക്ഷ്യം വച്ചത്. എന്നാൽ ആദ്യഘട്ടത്തിലെ നിയമനങ്ങൾ ഒഴിച്ചാൽ മറ്റു നടപടികൾ ഒന്നും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. പുതിയ ഒഴിവുകൾ സർക്കാർ ഇതുവരെയും പി എസ് സിയിൽ റിപ്പോർട്ട് ചെയ്തിട്ടുമില്ല. എല്ലാവർഷവും കെ എ എസ് പരീക്ഷ നടത്താനും അതുവഴി നിയമനം നടത്തുകയുമായിരുന്നു ലക്ഷ്യം. എന്നാൽ ആദ്യ കെ എ എസ് ലിസ്റ്റ് കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കി എന്നിരുന്നിട്ടും ഇതുവരെയും പുതിയ വിജ്ഞാപനം ഇറക്കാൻ പിഎസ്സിക്ക് കഴിഞ്ഞിട്ടില്ല. സർക്കാർ ഒഴിവുകൾ സമയത്ത് റിപ്പോർട്ട് ചെയ്യാത്തതാണ് കാരണം. 29 വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് പോസ്റ്റ് ആണ് കെ എ എസുകാർക്ക് നീക്കിവെച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ 105 പേർക്ക് നിയമനം ലഭിച്ചു. ഇവർക്കുള്ള പരിശീലനം ഈ വർഷം പൂർത്തിയാകും. ഈ 105 പേരെ മാറ്റിനിർത്തിയാൽ മറ്റ് ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങൾ നഷ്ടമാകുമെന്നതാണ് നിലവിലെ അവസ്ഥ. ഒരുപാട് വിമർശനങ്ങൾക്ക് പിന്നാലെ സർക്കാർ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന കെ എ എസ് നിയമനങ്ങളാണ് ഇപ്പോൾ അനിശ്ചിതത്വത്തിൽ തുടരുന്നത്.