കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ മുഖ്യപ്രതി സതീഷ്‌കുമാര്‍ ഒരുകോടി രൂപ നല്‍കി; ഇഡിക്ക് മുന്നില്‍ സുനില്‍കുമാറിന്റെ വെളിപ്പെടുത്തല്‍


തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ്‌കുമാര്‍ ഒരു കോടി രൂപ നല്‍കിയെന്ന് വെളിപ്പെടുത്തലുമായി എസ്ടി ജ്വല്ലറി ഉടമ സുനില്‍ കുമാര്‍. സുനില്‍ കുമാര്‍ ഇഡിക്ക് നല്‍കിയ മൊഴിയിലാണ് ഈ വെളിപ്പെടുത്തല്‍. പണം നല്‍കിയത് മകളുടെ വിവാഹ ആവശ്യത്തിന് വേണ്ടിയാണെന്നും സുനില്‍ കുമാര്‍ പറഞ്ഞു. പെരിങ്ങണ്ടൂര്‍ ബാങ്ക് സെക്രട്ടറിയും സതീഷ് കുമാറിന്റെ സഹോദരനും ഇഡിക്ക് മുന്നില്‍ ഹാജരായി.

അതേ സമയം, കരുവന്നൂര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗവും തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ കണ്ണന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) വീണ്ടും നോട്ടീസ് നല്‍കും. ഇപ്പോള്‍ ഹാജരാക്കിയ സ്വത്ത് വിവരങ്ങളുടെ രേഖകള്‍ അപൂര്‍ണമെന്ന് ഇഡി വ്യക്തമാക്കി. സമര്‍പ്പിച്ച സ്വത്ത് വിവരങ്ങളില്‍ തൃശൂര്‍ സഹകരണ ബാങ്കിലെയും അക്കൗണ്ട് വിവരങ്ങള്‍ ഇല്ല. ആവശ്യമുള്ള രേഖകളുടെ പട്ടിക തയ്യാറാക്കി വീണ്ടും നോട്ടീസ് നല്‍കാനാണ് ഇഡിയുടെ തീരുമാനം.

സ്വത്ത് വിവരങ്ങളുടെ രേഖകള്‍ ഹാജരാക്കാനുള്ള സമയപരിധി ഇന്നലെ അവസാനിക്കാനിരിക്കെയാണ് കണ്ണന്റെ സഹായികള്‍ ഇഡിക്ക് മുമ്പാകെ രേഖകളുമായി എത്തിയത്. കണ്ണന്റെയും കുടുംബാംഗങ്ങളുടെ പേരിലുള്ള ഭൂമി, നിക്ഷേപങ്ങള്‍, സ്വര്‍ണ്ണം തുടങ്ങിയ വിവരങ്ങളാണ് ഇഡി പരിശോധിക്കുന്നത്. മുഖ്യപ്രതി സതീഷ് കുമാറുമായുള്ള സൗഹൃദവും ഒപ്പം നടത്തിയ വിദേശ യാത്രകളും തൃശൂര്‍ സഹകരണ ബാങ്ക് ഭാരവാഹി എന്ന നിലയില്‍ കണ്ണന്‍ നല്‍കിയ സഹായങ്ങളുമാണ് സംശയ നിഴലിലുള്ളത്. എന്നാല്‍, കണ്ണന്‍ സമര്‍പ്പിച്ച രേഖകള്‍ അപൂര്‍ണമാണെന്നാണ് ഇഡി അറിയിക്കുന്നത്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സ്വത്തുവിവരങ്ങള്‍ കൈമാറാന്‍ എം കെ കണ്ണന്റെ പ്രതിനിധികള്‍ ഇന്നലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയിരുന്നു. ഇന്നലെ രാവിലെയാണ് എം.കെ. കണ്ണന്റെ പ്രതിനിധികള്‍ ഇഡി ഓഫീസിലെത്തിയത്. എം.കെ. കണ്ണന്റെ സ്വത്ത് വിവരങ്ങള്‍ ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നു. വിവരങ്ങള്‍ കൈമാറാന്‍ ഇ ഡി അനുവദിച്ച സമയപരിധി ഇന്നലെ ആയിരുന്നു. ഇതിനിടെയാണ് എം.കെ. കണ്ണന്‍ നേരിട്ടെത്താതെ പ്രതിനിധികള്‍ രേഖകളുമായി ഇഡി ഓഫീസിലെത്തിയത്.

Comments (0)
Add Comment