കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ ഉന്നത സിപിഎം നേതാക്കളെ കേന്ദ്രീകരിച്ച് ഇഡിയുടെ രണ്ടാംഘട്ട അന്വേഷണത്തിന് തുടക്കം. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ് ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നില്‍ ഹാജരായി. അന്വേഷണവുമായി സഹകരിക്കുമെന്ന് എം.എം.വര്‍ഗീസ് മാധ്യമങ്ങളോടു പ്രതികരിച്ചു. ഇന്ന് വരാനാകില്ലെന്നും മറ്റൊരു ദിവസം പരിഗണിക്കണമെന്ന് വര്‍ഗീസ് ആവശ്യപ്പെട്ടെങ്കിലും അവധി നല്‍കാനാകില്ലെന്ന് ഉദ്യോഗസ്ഥര്‍ നിലപാടെടുത്തിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ ഭരണസമിതി അംഗങ്ങള്‍ക്കെതിരെ വര്‍ഗീസ് ജില്ലാ സെക്രട്ടറിയായിരിക്കെ നടപടിയെടുത്തിരുന്നു. ഇത് സംബന്ധിച്ചും തട്ടിപ്പില്‍ ഉന്നത നേതാക്കളുടെ പങ്ക് സംബന്ധിച്ചുള്ള വിവരങ്ങളിലും ഇഡി വ്യക്തതേടും. ബെനാമി വായ്പകള്‍ അനുവദിച്ചിരുന്നതും നിയന്ത്രിച്ചിരുന്നതും സിപിഎം പാര്‍ലമെന്ററി സമിതിയുടെ നേതൃത്വത്തിലാണെന്നും ഇത് സംബന്ധിച്ച് പാര്‍ട്ടി പ്രത്യേകം മിനിറ്റ്‌സ് സൂക്ഷിച്ചിരുന്നതായും ഇഡിക്ക് മൊഴി ലഭിച്ചിട്ടുണ്ട്.