കരുവന്നൂർ ബാങ്ക് തട്ടിപ്പ് : അന്വേഷണം സിപിഎം നേതാക്കളുള്‍പ്പെട്ട ഭരണ സമിതി അംഗങ്ങളിലേക്കും; ഇഡിയും കളത്തില്‍

Jaihind Webdesk
Monday, August 9, 2021

തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതാക്കൾ ഉൾപ്പെട്ട ഭരണ സമിതി അംഗങ്ങളിലേക്ക് കൂടി ക്രൈം ബ്രാഞ്ച് അന്വേഷണം വ്യാപിപ്പിക്കുന്നു. അതിനിടെ ബാങ്കിൽ കള്ളപ്പണം വെളുപ്പിച്ചു എന്ന വിവരത്തെ തുടർന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷണം ശക്തമാക്കി.

ജീവനക്കാർ സ്വന്തം നിലയ്ക്കാണ് തട്ടിപ്പ് നടത്തിയത് എന്ന സി പി എം ഭരണ സമിതിയുടെ വാദം പ്രാഥമിക അന്വേഷണത്തിൽ തന്നെ പൊളിഞ്ഞിരുന്നു. തട്ടിപ്പ് നടന്നതായി സ്ഥിരീകരിക്കുന്ന രേഖകളിൽ പ്രസിഡന്‍റ് അടക്കമുള്ള ഭരണ സമിതി അംഗങ്ങളുടെ കയ്യൊപ്പുണ്ട്. ഇവരുടെ അറിവോടെയാണ് പല തട്ടിപ്പുകളും നടന്നതെന്ന വാദത്തിന് ഇതോടെ ബലമേറുന്നു. ഇപ്പോൾ പ്രതി പട്ടികയിലുള്ള 6 ജീവനക്കാരിൽ മാത്രം അന്വേഷണം ഒതുങ്ങില്ല എന്നാണ് ക്രൈം ബ്രാഞ്ച് സംഘം നൽകുന്ന സൂചന. തട്ടിപ്പ് നടന്നതായി ഓഡിറ്റിൽ കണ്ടെത്തിയ രേഖകളിലുള്ളത് ഭരണ സമിതി അംഗങ്ങളുടെ വ്യാജ ഒപ്പാണ് എന്ന വാദവും അന്വേഷണ സംഘം മുഖവിലയ്ക്കെടുക്കുന്നില്ല.

ഈടു ഭൂമിയുടെ മതിപ്പ് വിലയേക്കാൾ കൂടുതൽ തുക വായ്പ നൽകിയതടക്കം പല കേസുകളിലും ഭരണ സമിതി തീരുമാനം അനുസരിച്ചാണ് നടപടികൾ ഉണ്ടായതെന്നും വ്യക്തം. എന്നാൽ ഭരണസമിതി അംഗങ്ങളെ അന്വേഷണത്തിൽ നിന്നൊഴിവാക്കാൻ ക്രൈം ബ്രാഞ്ചിന് മേൽ സമ്മർദമുണ്ട്. അതിനിടെ ഇ.ഡി പ്രാഥമിക അന്വേഷണം നടത്തി. ബാങ്കിലൂടെ കള്ളപ്പണം വെളുപ്പിച്ചതായും ഈ പണം നാലാം പ്രതിയായ കിരൺ വിദേശത്തേക്ക് കടത്തിയെന്നുമാണ് സൂചന. കിരൺ രാജ്യം വിട്ടതായും സംശയിക്കുന്നു.