തൃശൂർ : കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് അഞ്ചുവർഷത്തിനുള്ളിൽ നിക്ഷേപകർ 200 കോടി പിൻവലിച്ചതില്‍ ക്രൈംബ്രാഞ്ച് അന്വേഷണം. സംഭവത്തില്‍ ഭരണസമിതിക്ക് പങ്കുണ്ടെന്നാണ് സംശയം. ബാങ്ക് പ്രതിസന്ധിയിലേക്ക് പോകുന്ന കാര്യമറിഞ്ഞ് ഭരണസമിതിയംഗങ്ങൾ വേണ്ടപ്പെട്ടവരുടെ പണം പിൻവലിക്കാൻ നിർദേശിക്കുകയായിരുന്നുവെന്നാണ് സൂചന.
ബാങ്കിൽ 2015-16 സാമ്പത്തികവർഷം 501 കോടിയുടെ നിക്ഷേപമുണ്ടായിരുന്നു. 2016-17-ൽ നിക്ഷേപം 424 കോടിയായി. 77 കോടിയാണ് ആ വർഷം പിൻവലിച്ചത്. 2017-18-ൽ നിക്ഷേപം 405 കോടിയായും അടുത്ത വർഷം 340 കോടിയായും കുറഞ്ഞു. 104 കോടിയുടെ തട്ടിപ്പുനടന്നെന്ന് സഹകരണവകുപ്പ് കണ്ടെത്തി റിപ്പോർട്ട് ചെയ്ത അവസാനത്തെ സാമ്പത്തികവർഷം നിക്ഷേപം 301 കോടിയായിരുന്നു. അഞ്ചുവർഷത്തിൽ 200 കോടിയാണ് പിൻവലിച്ചത്.
നിക്ഷേപം പൂർണമായും പിൻവലിച്ചവരും വലിയ നിക്ഷേപമുണ്ടായിരുന്നവരിൽ വലിയ വിഹിതം പിൻവലിച്ചവരുമായ ഇടപാടുകാരെ കണ്ടെത്തി അവർക്ക് ഭരണസമിതിയംഗങ്ങളുമായുള്ള ബന്ധം കണ്ടെത്തും. സി.പി.എം. ഭരിച്ചിരുന്ന ബാങ്ക് പ്രതിസന്ധിയിലാണെന്ന കാര്യം പാർട്ടിതലത്തിൽ അറിഞ്ഞ് ആ വഴിക്കും നിക്ഷേപകരെ സഹായിച്ച പാർട്ടി നേതാക്കളെയും കണ്ടെത്തും. സാധാരണക്കാരായ നിക്ഷേപകർക്ക് പണം തിരിച്ചുകിട്ടാതാകുംവിധം ബാങ്കിനെ എത്തിച്ചത് 200 കോടിയുടെ നിക്ഷേപം അഞ്ചുവർഷത്തിൽ പിൻവലിച്ചതിനാലാണ്. കടുത്ത പ്രതിസന്ധിയിലായ ബാങ്കിൽനിന്ന് ഇപ്പോൾ നിക്ഷേപകർക്ക് ഒരാഴ്ചയിൽ ഒരു തവണ മാത്രം പരമാവധി 10,000 രൂപയേ പിൻവലിക്കാനാകൂ എന്ന വ്യവസ്ഥയുണ്ട്.