കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; ഇഡി അന്വേഷണം കൂടുതല്‍ സിപിഎം നേതാക്കളിലേക്ക്

Jaihind Webdesk
Saturday, September 9, 2023

 

തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ഇഡി അന്വേഷണം കൂടുതല്‍ സിപിഎം നേതാക്കളിലേക്ക്. സിപിഎമ്മിന്‍റെ സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധമുള്ള തൃശൂർ ജില്ലയിലെ കൂടുതൽ പ്രാദേശിക നേതാക്കളെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.

മുൻ മന്ത്രി എ.സി. മൊയ്തീൻ, മുൻ എംപി പി.കെ. ബിജു തുടങ്ങിയ ഉന്നത നേതാക്കൾ അന്വേഷണപരിധിയിൽ വന്നതോടെ പരിഭ്രാന്തിയിലായ സിപിഎം കേന്ദ്രങ്ങൾ ഇഡിയുടെ അടുത്ത നീക്കം എന്തെന്ന് ഉറ്റുനോക്കുകയാണ്. അതിനിടെ തിങ്കളാഴ്ച എ.സി. മൊയ്തീൻ ചോദ്യം ചെയ്യലിന് ഹാജരാകും. എ.സി. മൊയ്തീനെതിരെ ശക്തമായ തെളിവുകൾ ഇഡി ശേഖരിച്ചിട്ടുണ്ട്.
മറ്റ് ചില നേതാക്കളുടെ ഇടപാടുകൾ സംബന്ധിച്ചും ഇപ്പോൾ അറസ്റ്റിലായ പ്രതികൾ സൂചന നൽകിയിട്ടുണ്ട്. സിപിഎം പോഷക സംഘടനയുടെ സംസ്ഥാന നേതാവ് ഇഡിയുടെ നിരീക്ഷണത്തിലാണ്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള പ്രമുഖ നേതാവിന്‍റെ അടുപ്പക്കാരനാണ് ഇയാൾ. അടുത്ത കാലത്ത് കോടികള്‍ ചെലവഴിച്ച് ഇയാള്‍ തൃശൂര്‍ നഗരത്തില്‍ നിർമ്മിച്ച കെട്ടിടങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ഇഡി ശേഖരിച്ചിട്ടുണ്ട്.

എ.സി. മൊയ്തീന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ചില ക്വാറി ഉടമകളുമായി ഉണ്ടായിരുന്ന ബന്ധവും ഇഡി അന്വേഷിക്കുന്നു. ഒരു ക്വാറി ഉടമയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുമുണ്ട്. സിപിഎം തൃശൂര്‍ ഏരിയ കമ്മിറ്റി അംഗവും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ അനൂപ് ഡേവിസ് കാടയെയും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ അരവിന്ദാക്ഷനെയും കഴിഞ്ഞ ദിവസം ഇഡി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത പലിശ ഇടപാടുകാരനും സിപിഎം നേതാക്കളുടെ ബിനാമിയുമായ പി. സതീഷ്‌കുമാറിന്‍റെ മൊഴിയെ തുടര്‍ന്നാണ് ഇവരെ വിളിപ്പിച്ചത്. സിപിഎം നേതാക്കളുടെ ബിനാമി ഇടപാടില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നാണ് വിലയിരുത്തല്‍. ഇതുവരെയുള്ള ചോദ്യം ചെയ്യലിൽ കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരു പ്രമുഖ നേതാവിന്‍റെ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ഇഡിക്ക് ലഭിച്ചിട്ടുണ്ട്. കൂടുതൽ വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷം ഈ നേതാവിനെ കൂടി അന്വേഷണ പരിധിയിൽ കൊണ്ടു വരാനാണ് ഇഡിയുടെ നീക്കം.