കരിവന്നൂരില്‍ ക്രൈംബ്രാഞ്ച് ഇഴയുന്നു ; കേസെടുത്ത് ആഴ്ച്ച കഴിഞ്ഞിട്ടും പ്രതികളുടെ പൊടിപോലും ഇല്ല

Jaihind Webdesk
Friday, July 30, 2021

കരുവന്നൂർ സഹകരണ ബാങ്ക് അഴിമതി അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് സംഘത്തിന് മെല്ലെപ്പോക്ക് . കേസ് ഏറ്റെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളുടെ സിപിഎം ബന്ധമാണ് അറസ്റ്റ് വൈകുന്നതെന്ന ആരോപണമാണ് ഉയരുന്നത്.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളാരും കസ്റ്റഡിയിൽ ഇല്ലെന്നാണ് പൊലീസ് ആവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ അന്വേഷണം ശരിയായ വഴിക്കല്ലെന്ന ആക്ഷേപം ശക്തമാണ്. കേസ് ലോക്കൽ പൊലീസിൽ നിന്ന് ഏറ്റെടുത്ത ശേഷം പ്രതികളുടെ വീടുകളിൽ നിന്ന് പണമിടപാട് സംബന്ധിച്ച് ചില രേഖകൾ കണ്ടെത്തിയിരുന്നു. 104 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് സഹകരണ വകുപ്പ് ഇതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകൾ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. പ്രതികൾ ഇനിയും അറസ്റ്റിലായില്ലെങ്കിൽ തെളിവ് നശിപ്പിക്കാനുള്ള സാധ്യതയും കൂടുതലാണ്.

പ്രതികളെ പൊലീസിന്‍റെ ഒത്താശയോടെ ഒളിപ്പിച്ചിരിക്കുകയാണെന്ന ആരോപണമാണ് കോൺഗ്രസ്‌ ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. സിപിഎമ്മിന്‍റെ ഉന്നത നേതാക്കളിലേക്ക് അന്വേഷണം കടക്കാതിരിക്കാനും ശ്രമം നടക്കുന്നതായും ആരോപണമുണ്ട്.