രാജ്യത്തെ പ്രതിപക്ഷപാർട്ടികളുടെ സംഗമവേദിയായി തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ പ്രതിമ അനാച്ഛാദനച്ചടങ്ങ്. ഡി.എം.കെ ആസ്ഥാനമായ തേനാംപേട്ടയിലെ ‘അണ്ണാ അറിവാലയ’ത്തിൽ സ്ഥാപിച്ച കരുണാനിധിയുടെ പ്രതിമ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി അനാച്ഛാദനം ചെയ്തു. പ്രതിപക്ഷ ഐക്യം വിളിച്ചോതി ദേശീയ രാഷ്ട്രീയത്തിലെ നിരവധി നേതാക്കളാണ് ചടങ്ങില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും ഒപ്പം പോണ്ടിച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍, രജനീകാന്ത്, ശത്രുഘ്നന്‍ സിന്‍ഹ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനാണ് നേതാക്കളെ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിച്ചത്.
രാജ്യത്തിന്‍റെ ഭരണഘടനാ മൂല്യങ്ങളെ ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. കരുണാനിധി ജീവിച്ചിരുന്ന കാലത്തുതന്നെ ഇത്തരമൊരു ഐക്യം തന്‍റെ സ്വപ്നമായിരുന്നെന്നും സോണിയാ ഗാന്ധി വ്യക്തമാക്കി.
ഇന്ത്യ എന്ന ആശയത്തെ ഇല്ലാതാക്കാൻ ആരെയും അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെ നശിപ്പിക്കാന്‍ ബി.ജെ.പിയെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ആക്രമിച്ച് നശിപ്പിക്കുന്ന സര്‍ക്കാരിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും രാഹുല്‍ ആഹ്വാനം ചെയ്തു.
അടുത്ത ലോക്സഭാതെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ത്യക്ക് പുതിയ പ്രധാനമന്ത്രിയാകുമെന്നും അത് രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന് എം.കെ സ്റ്റാലിന്‍ പറഞ്ഞു. മോദിയുടെ ദുര്‍ഭരണത്തെ എതിർത്തു തോൽപിച്ച് രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാനാണ് പ്രതിപക്ഷനിരയുടെ ഒത്തുചേരലെന്നും സ്റ്റാലിൻ പറഞ്ഞു.
DMK President MK Stalin in Chennai: I propose we'll install a new Prime Minister in Delhi. I propose the candidature of Rahul Gandhi from Tamil Nadu. He has got the ability to defeat the fascist Modi govt pic.twitter.com/Is9kzzNtDk
— ANI (@ANI) December 16, 2018