അലുവ അതുലിന്റെ കൊലപാതകം: അക്രമികൾ പിടിയിൽ; പിടിയിലായത് പ്രധാന പ്രതികൾ ഉൾപ്പെടെ നാലുപേർ

Jaihind News Bureau
Saturday, March 14, 2026

കൊല്ലം കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് ‘അലുവ അതുലി’നെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാന പ്രതികൾ ഉൾപ്പെടെ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പേർ ഇതിൽ ഉൾപ്പെടുന്നുവെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. പ്രതികൾ ആക്രമണത്തിന് ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.

ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയായ അലുവ അതുൽ, ജാമ്യത്തിലിറങ്ങി പോലീസ് സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുമ്പോഴാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. അതുലും കൂട്ടാളി മനുവും സഞ്ചരിച്ച കാറിനെ മറ്റൊരു സംഘം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ കാറിൽ നിന്ന് അക്രമികൾ അതുലിനെയും മനുവിനെയും വലിച്ചിറക്കി വെട്ടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അതുൽ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. കൈയ്ക്ക് വെട്ടേറ്റ മനു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കടത്തൂർ-വയനകം ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണ് ഈ കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. ജിം സന്തോഷ് വധക്കേസിന് ശേഷം അതുലിന് വധഭീഷണി ഉണ്ടെന്ന് ഇന്റലിജൻസും സ്പെഷ്യൽ ബ്രാഞ്ചും മുന്നറിയിപ്പ് നൽകിയിരുന്നു. ഈ റിപ്പോർട്ടുകൾ നിലനിൽക്കെ, പോലീസ് സ്റ്റേഷന് തൊട്ടടുത്ത് വെച്ചുതന്നെ ഇത്തരമൊരു കൊലപാതകം നടന്നത് പോലീസിനും വലിയ തിരിച്ചടിയായിരിക്കുകയാണ്.