96 വയസ്സുകാരി കാര്‍ത്ത്യായനി അമ്മ താരമാണ്… നാട്ടുകാര്‍ക്കിടയില്‍ മാത്രമല്ല സംസ്ഥാനത്തൊട്ടാകെ തന്നെ. സംസ്ഥാന സര്‍ക്കാരിന്റെ അക്ഷരലക്ഷം സാക്ഷരതാ പരിപാടി 100 ല്‍ 98 മാര്‍ക്ക് വാങ്ങിയാണ് ഈ ആലപ്പുഴക്കാരി മുത്തശ്ശി പാസ്സായത്. കേരള സംസ്ഥാന സാക്ഷരതാ മിഷനാണ് പരീക്ഷ സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ആദരവും മുത്തശ്ശി ഏറ്റുവാങ്ങി.
പഠിക്കാൻ വൈകിയെന്നു കരുതുന്നവർക്കെല്ലാം ഒരു വഴിവിളക്കാണ് കാർത്ത്യായനി അമ്മ. തൊണ്ണൂറ്റിയാറാം വയസിലും അക്ഷരലക്ഷം പദ്ധതിയിൽ ഒന്നാം റാങ്ക് നേടി മാതൃകയാവുകയാണ് ഈ അമ്മ. പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളില്‍ ഏറ്റവും പ്രായം കൂടിയ മത്സരാര്‍ത്ഥിയും ഈ മുത്തശ്ശിയായിരുന്നു.
“കുട്ടികള്‍ പഠിക്കുന്നത് കണ്ടതായിരുന്നു പ്രചോദനം. കുഞ്ഞുന്നാളില്‍ അതിന് അവസരം കിട്ടിയില്ല. ഇല്ലായിരുന്നെങ്കില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയായേനേ. ഇനി കമ്പ്യൂട്ടര്‍ പഠിക്കണമെന്നാണ് ആഗ്രഹം. ഞാന്‍ ആരില്‍ നിന്നും കോപ്പിയടിച്ചില്ല, പകരം മറ്റുള്ളവര്‍ക്ക് എന്ത് എഴുതണമെന്ന് പറഞ്ഞുകൊടുത്തു. ” കാര്‍ത്ത്യായനി അമ്മ പറഞ്ഞു.
പ്രായം ഒന്നിനും തടസ്സമല്ലെന്ന് നമ്മെ ഓർമപ്പെടുത്തുകയാണ് കാർത്ത്യായനിയമ്മ. സാക്ഷരതാ മിഷൻ നടത്തിയ ‘അക്ഷരലക്ഷം’ പദ്ധതിയുടെ ‘നാലാം തരം തുല്യതാ’ പരീക്ഷയിൽ 100 ൽ 98 മാർക്ക് നേടിയാണ് കാർത്ത്യായനി അമ്മ ഒന്നാമതെത്തിയത്. എഴുത്ത് പരീക്ഷയിൽ 38 മാർക്കും വായനയിൽ 30 ഉം, കണക്കിൽ 30 ഉം മാർക്കാണ് കാർത്ത്യായനി അമ്മക്ക് ലഭിച്ചത്. മുഖ്യമന്ത്രിയിൽനിന്നു സമ്മാനം വാങ്ങാൻ കാർത്ത്യായനി അമ്മ തിരുവനന്തപുരത്ത് എത്തി. സർട്ടിഫിക്കറ്റ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല വിതരണ ഉദ്ഘാടനം നിർവഹിച്ചു.
ഓഗസ്റ്റ് അഞ്ചിന് ഹരിപ്പാട് മുട്ടം കണിച്ചനെല്ലൂർ യുപി സ്കൂളിലാണ് പ്രായത്തിന്റെ അവശതകൾ മറികടന്ന് കാർത്ത്യായനി അമ്മ തുല്യതാ പരീക്ഷയെഴുതിയത്. സംസ്ഥാന സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പദ്ധതിയുടെ ഭാഗമായി കാർത്ത്യായനിയമ്മ ഉൾപ്പെടെ 43,330 പേരാണ് സാക്ഷരതാ പരീക്ഷയെഴുതിയത്. ചേപ്പാട് കണിച്ചനെല്ലൂർ എൽ.പി.എസിൽ ഓഗസ്റ്റ് അഞ്ചിന് പരീക്ഷ എഴുതുമ്പോൾ കാർത്ത്യായനി അമ്മയ്ക്ക് ചെറിയ ഒരു പേടിയുണ്ടായിരുന്നു.
ജീവിതത്തിലെ ആദ്യത്തെ പരീക്ഷയായിരുന്നു അത്. അതും തൊണ്ണൂറ്റിയാറാം വയസ്സിൽ. പക്ഷേ, ആ പേടിയൊക്കെ വെറുതെയായിരുന്നുവെന്ന് പരീക്ഷാ ഫലം വന്നപ്പോൾ ബോധ്യമായി. ഈ പ്രായത്തിലും കൈവരിച്ച നേട്ടത്തിൽ നിറ സന്തോഷത്തിലാണ് കാർത്ത്യായനി അമ്മ.