കർണാടകത്തിൽ വിശ്വാസവോട്ടെടുപ്പ് വ്യാഴാഴ്ച; എതിർപ്പുമായി ബിജെപി

കർണാടകത്തിൽ വിശ്വാസവോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. കാര്യോപദേശകസമിതിയുടെ നിർദ്ദേശപ്രകാരം സ്പീക്കറാണ് തീരുമാനമെടുത്തത്. സ്പീക്കറുടെ തീരുമാനത്തിൽ ബിജെപി എതിർപ്പ് അറിയിച്ചു.

വ്യാഴാഴ്ച രാവിലെ 11ന് വോട്ടെടുപ്പ് നടത്താമെന്നാണ് സ്പീക്കർ അറിയിച്ചിരിക്കുന്നത്. മന്ത്രിമാർ ഇല്ലാതെ സഭ ചേരുന്നത് എങ്ങനെയെന്നു ചോദിച്ച് ബിജെപി നിയമസഭ കൗൺസിലിൽ ബഹളമുണ്ടാക്കി. മന്ത്രിമാർ രാജിവച്ചു എന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നെ എങ്ങനെ സഭ ചേരുമെന്നായിരുന്നു ബിജെപി അംഗങ്ങളുടെ ചോദ്യം. ടാക്‌സി വിളിക്കുന്നത് പോലെ വിമാനങ്ങൾ വാടകക്ക് എടുക്കുന്നവരുടെ പദ്ധതികൾ വിജയിക്കില്ലെന്നും വിശ്വാസവോട്ടെടുപ്പിൽ ജയിക്കുമെന്നും മുഖ്യമന്ത്രി കുമാരസ്വാമി പ്രതികരിച്ചു.

വിമതരെക്കൂടാതെ കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാർ വിശ്വാസവോട്ടെടുപ്പിനെ നേരിട്ടാൽ സ്പീക്കർ ഉൾപ്പടെ 101 അംഗങ്ങൾ മാത്രമാണ് ഭരണപക്ഷത്തുള്ളത്(കോൺ. 66, ജെഡിഎസ് 34). സഭയിലെ ആകെ അംഗങ്ങൾ 208 ആണ്. കേവലഭൂരിപക്ഷത്തിന് 105 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യം. ബിജെപിക്ക് 105 അംഗങ്ങളാണുള്ളത്. സർക്കാരിന് പിന്തുണ പിൻവലിച്ച് ബിജെപി പക്ഷത്തേക്ക് പോയ സ്വതന്ത്രനും കെപിജെപി അംഗവും കൂടിയാകുമ്പോൾ ബിജെപിക്ക് 107 പേരുടെ പിന്തുണയുണ്ടാകും.

Karnataka Vidhan Sabha
Comments (0)
Add Comment