മലയാളികള്‍ക്കായി ഓണാഘോഷം സംഘടിപ്പിച്ച് കർണ്ണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ

Saturday, September 16, 2023

.

ബംഗളുരു: പതിവുപോലെ തന്‍റെ മണ്ഡലത്തിലെ മലയാളികള്‍ക്കായി ഓണാഘോഷം സംഘടിപ്പിച്ച്  ബൈട്രായനപുര എംഎൽഎയും കർണ്ണാടക റവന്യൂ മന്ത്രിയുമായ കൃഷ്ണ ബൈരെ ഗൗഡ. സെപ്റ്റംബർ 16ന് ജക്കൂർ അമരാ ഓഡിറ്റോറിയത്തിലായിരുന്നു എംഎല്‍എയുടെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. പിന്നണി ഗായിക ചിത്ര അയ്യർ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ കലാമത്സരങ്ങള്‍ അരങ്ങേറി.

മന്ത്രി കൃഷ്ണ ബൈരെ ഗൗഡയുടെ  പത്നി മീനാക്ഷി ബൈരെ ഗൗഡ മലയാളി സുഹൃത്തുക്കളോടോപ്പം തിരുവാതിര കളിയിൽ പങ്കു ചേർന്നു. മലയാളി തനിമ വിളിച്ചോതുന്ന വേഷത്തില്‍ മന്ത്രി പത്നി കലാപരിപാടികളില്‍ പങ്കുചേർന്നത് കൗതുകമായി. മണ്ഡലത്തിലെ എല്ലാ മലയാളി സംഘടനകളെയും സംഘടിപ്പിച്ചു നടത്തിയ ആഘോഷ പരിപാടികളില്‍ കോണ്‍ഗ്രസ് നേതാക്കളും ഭാഗഭാക്കായി.

മീനാക്ഷി ബൈരെ ഗൗഡ അധ്യക്ഷയും സുനിൽ തോമസ് കുട്ടൻകേരിൽ, സുരേഷ് ബാബു എന്നിവർ പ്രോഗ്രാം കോർഡിനേറ്റർമാരുമായ കോർ കമ്മിറ്റിയാണ് പരിപാടികൾക്ക്‌ ചുക്കാൻ പിടിച്ചത്. ഇത് അഞ്ചാം തവണയാണ് തന്‍റെ മണ്ഡലത്തിലെ മലയാളികള്‍ക്കായി മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.