വനിതാസഖാവിന്റെ പീഡന പരാതി; സി.പി.എം കര്‍ണാടക സെക്രട്ടറി പുറത്ത്

പാര്‍ട്ടി അംഗമായ വനിതയെ പീഡിപ്പിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് സി.പി.എം കര്‍ണാടക സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ എംഎല്‍എയുമായ ശ്രീറാം റെഡ്ഡിയെ പുറത്താക്കി. സംസ്ഥാന സെക്രട്ടറി ആയിരുന്ന ശ്രീരാമറെഡ്ഡി പാര്‍ട്ടിയുടെ വെറും ബ്രാഞ്ച് അംഗമായി പ്രവര്‍ത്തിക്കണം. കഴിഞ്ഞയാഴ്ച്ച ചേര്‍ന്ന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അതേസമയം കാരാട്ട് യെച്ചൂരി പക്ഷങ്ങളുടെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ മാത്രമാണ് ശ്രീരാമ റെഡ്ഡിക്കെതിരെ കടുത്ത നടപടിയെടുത്തതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. റെഡ്ഡി യച്ചൂരി പക്ഷക്കാരനാണ്.

പാര്‍ട്ടി അംഗമായ സ്ത്രീയാണ് പരാതിക്കാരി. റെഡ്ഡിയും പങ്കെടുത്ത യോഗത്തില്‍ ചിലര്‍ നടപടിയെ എതിര്‍ത്തു; ചിലര്‍ വിട്ടുനിന്നു. ഇതേ യോഗമാണു പി.കെ.ശശി എംഎല്‍എയെ ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെതിരെ വഴിവിട്ടുപെരുമാറിയെന്ന പരാതിയില്‍ ആറുമാസത്തേക്ക് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ നടപടി ശരിവച്ചത്.
തീരുമാനം കഴിഞ്ഞ ദിവസം കര്‍ണാടക സംസ്ഥാന സമിതിയില്‍ കേന്ദ്ര നേതാക്കള്‍ വിശദീകരിച്ചു. സംസ്ഥാന സമിതിയില്‍ ഭൂരിപക്ഷം പേരും നടപടിയോടു വിയോജിച്ചു. മേല്‍ഘടകത്തിന്റെ തീരുമാനമെന്നതിനാല്‍ മാത്രം അംഗീകരിക്കുന്നുവെന്നായിരുന്നു ഇവരുടെ നിലപാട്.

സീതാറാം യച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രന്‍ പിള്ള, എം.എ. ബേബി തുടങ്ങിയവര്‍ കേന്ദ്രത്തില്‍ നിന്നു പങ്കെടുത്തു. തങ്ങളോടു യോജിക്കാത്തവരോടു കാരാട്ട് പക്ഷത്തിന്റെ പക തീര്‍ക്കലാണുണ്ടായതെന്ന് യച്ചൂരി വിഭാഗം ആരോപിക്കുന്നു.

പീഡനപരാതിയെക്കൂടാതെ സാമ്പത്തിക തിരിമറിയും ധാര്‍മികത ഇല്ലാത്ത പെരുമാറ്റവും സ്വഭാവ ദൂഷ്യവും ശ്രീരാമ റെഡ്ഡിയില്‍ ആരോപിക്കപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി ബസവ രാജിനെ നിയമിച്ചു.

CPIMkarnataka cpim
Comments (0)
Add Comment