പ്രതിഷേധം ശക്തമായതോടെ ഡി.കെ ശിവകുമാറിന്‍റെ ‘പ്രതിജ്ഞ’ പരിപാടിക്ക് സർക്കാരിന്‍റെ അനുമതി

Jaihind News Bureau
Thursday, June 11, 2020

ഡി.കെ ശിവകുമാര്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഔദ്യോഗികമായി ഏറ്റെടുക്കുന്ന ചടങ്ങിന് സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതി. ‘പ്രതിജ്ഞ’ പരിപാടിക്ക് സർക്കാരിന്‍റെ അനുമതി ലഭിച്ചതിൽ താൻ സന്തുഷ്ടനാണെന്ന് ഡി.കെ ശിവകുമാര്‍ പറഞ്ഞു. ചടങ്ങിന്‍റെ തീയതി നേതൃത്വവുമായി ആലോചിച്ച് ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദശലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകരുടെയും അനുയായികളുടെയും ആരാധകരുടെയും ആവശ്യത്തോട് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ അനുകൂലമായി പ്രതികരിച്ചതില്‍ അദ്ദേഹത്തിന് നന്ദി അറിയിക്കുന്നതായും ഡി.കെ ശിവകുമാർ പറഞ്ഞു.

ചടങ്ങിന് അനുമതി നിഷേധിച്ചതിനെതിരെ വ്യാപക പ്രതിഷേധമായിരുന്നു സംസ്ഥാനത്തും പുറത്തും ഉയർന്നത്. രാഷ്ട്രീയ കുടിപ്പകയാണ് ഇതിന് പിന്നിലെന്നും രാഷ്ട്രീയമായി തന്നെ നേരിടുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു.

“ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരിപാടിയാണ്. അതിനെ തടുക്കാന്‍ ആര്‍ക്കും കഴിയില്ല. തടയാനുള്ള നീക്കങ്ങള്‍ നിങ്ങള്‍ നടത്തിക്കോളൂ എന്നാല്‍ അനുമതി നല്‍കുന്നതുവരെ ഞാന്‍ പിന്മാറില്ല” എന്നായിരുന്നു ഡി.കെ.യുടെ പ്രതികരണം. നിയമം അനുസരിച്ച് പരിപാടി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.