പൊതുമരാമത്ത് കരാറുകളില്‍ മുസ്ലീം കോണ്‍ട്രാക്ടര്‍മാര്‍ക്ക് 4% സംവരണം നല്‍കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം വിവാദമാകുന്നു. മാര്‍ച്ച് 7 ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ പദ്ധതി പ്രഖ്യാപിച്ചത്. ഇത് അനുസരിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കീഴിലുള്ള എല്ലാ പൊതുമരാമത്ത് കരാറുകളുടെയും 4 ശതമാനം മുസ്ലീം സമുദായത്തിനായി സംവരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് ‘പ്രീണന രാഷ്ട്രീയം’ നടത്തുകയാണെന്ന് പ്രധാന പ്രതിപക്ഷമായ ബിജെപി ആരോപിച്ചു.
കര്‍ണാടക ട്രാന്‍സ്പരന്‍സി ഇന്‍ പബ്ലിക് പ്രൊക്യുര്‍മെന്റ് (കെടിപിപി) നിയമത്തില്‍ ഭേദഗതികള്‍ വരുത്തിക്കൊണ്ടാണ് പൊതു മരാമത്തിന്റെ ഒരു കോടി രൂപ വരെയുള്ള ടെന്‍ഡറുകളില്‍ മുസ്ലീം കോണ്‍ട്രാക്ടര്‍മാര്‍ക്ക് 4 ശതമാനം സംവരണം സിദ്ധരാമയ്യ സര്‍ക്കാര്‍ അനുവദിക്കുന്നത്. ഇതിനുപുറമേ മുസ്ലീങ്ങള്‍ക്ക് സുരക്ഷാ പരിശീലനം, വിവാഹങ്ങള്‍ക്ക് 50,000 രൂപ, മത നേതാക്കള്‍ക്കുള്ള അലവന്‍സുകള്‍, ഓണറേറിയം, വഖഫ്, സ്‌കൂളുകളുടെ വികസനം, മുസ്ലീം പ്രദേശങ്ങളിലെ സ്‌കോളര്‍ഷിപ്പുകള്‍ എന്നിവ ലഭിക്കുമെന്നും പറയുന്നുണ്ട്. എന്നാല്‍ ഈ നീക്കത്തിന് വന്‍ വിമര്‍ശനമാണ് ബിജെപി ഉയര്‍ത്തുന്നത് . ‘രാജ്യവ്യാപകമായ പ്രത്യാഘാതങ്ങള്‍’ ഈ തീരുമാനത്തിന് ഉണ്ടാകുമെന്ന് ബിജെപി പ്രതികരിച്ചു.തൊഴിലിനപ്പുറം സംവരണത്തിന്റെ പരിധി വികസിപ്പിക്കുന്നതിനെയും എതിര്‍ക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചു.
മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു നീക്കമാണിതെന്ന് ബിജെപി എംപി തേജസ്വി സൂര്യ പ്രതികരിച്ചു. പൂര്‍ണ്ണമായും ഭരണഘടനാ വിരുദ്ധമാണ് കര്‍ണ്ണാടക സര്‍ക്കാരിന്റെ നീക്കമെന്ന് മുന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന പ്രകാരം മതാധിഷ്ഠിത സംവരണം അനുവദനീയമല്ല. സര്‍ക്കാര്‍ കരാറുകളിലെ സംവരണം പൂര്‍ണ്ണമായും ഭരണഘടനാ വിരുദ്ധമാണ്. സാമൂഹിക പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ ഇത് അനുവദിക്കാം, പക്ഷേ ഒരു മതസമൂഹത്തിന് നല്‍കാനാവില്ലെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
മാര്‍ച്ച് 7 ന്, കര്‍ണാടക സര്‍ക്കാരിന്റെ ബജറ്റ് അവതരിപ്പിച്ചുകൊണ്ടാണ് പൊതുമരാമത്ത് കരാറുകളുടെ നാല് ശതമാനം മുസ്ലീങ്ങള്‍ക്കായി കാറ്റഗറി-II B എന്ന വിഭാഗത്തില്‍ സംവരണം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥിരീകരിച്ചു. ഇതനുസരിച്ച് ഇപ്പോള്‍ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ KTPP നിയമം അവതരിപ്പിച്ച് ഭേദഗതി വരുത്താന്‍ തീരുമാനിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, കോര്‍പ്പറേഷനുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കീഴിലുള്ള സേവനങ്ങളുടെ വിഭാഗത്തില്‍ എസ്സി, എസ്ടി, കാറ്റഗറി-I, കാറ്റഗറി-II F, കാറ്റഗറി-II ബി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സംവരണം നല്‍കും, ഇതില്‍ കാറ്റഗറി-II ബി മുസ്ലീങ്ങളെയാണ് സൂചിപ്പിക്കുന്നത്.