കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തരസർവ്വീസുകൾ വിമാനക്കമ്പനികൾ വെട്ടിക്കുറക്കുന്നു

യാത്രക്കാരുണ്ടായിട്ടും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തരസർവ്വീസുകൾ വിമാനക്കമ്പനികൾ വെട്ടിക്കുറക്കുന്നു. യാത്രക്കാർ ഏറെയുള്ള സെക്ടറിൽ അഞ്ച് സർവ്വീസുകളാണ് ഈ വർഷം കുറച്ചത്.

ഈ വർഷം ജനുവരിയിൽ സ്‌പൈസ് ജെറ്റിന്‍റെ ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് സർവ്വീസുകൾ പിൻവലിച്ചിരുന്നു.അതേ സമയം ഉഡാൻ പദ്ധതിയിൽ അനുമതി ലഭിച്ച പുതിയ ആഭ്യന്തര സർവ്വീസ് കമ്പനികൾ ആരംഭിക്കുന്നുമില്ല. കണ്ണൂർ വിമാനത്താവളത്തെ അപേഷിച്ച് ഇന്ധനനികുതി നിരക്കിലെ വർദ്ധനയായിരുന്നു സർവ്വീസുകൾ പിൻവലിക്കാൻ കാരണമായി പറഞ്ഞിരുന്നത്. വ്യാപക പ്രതിഷേധത്തെ തുടർന്ന് കണ്ണൂർ ഒഴികെയുള്ള മറ്റ് വിമാനത്താവളങ്ങളുടെ നികുതി അഞ്ച് ശതമാനമായി സർക്കാർ കുറച്ചിരുന്നു. കണ്ണൂരിൽ നിന്ന് അരമണിക്കൂർ മാത്രം ആകാശയാത്രയുള്ള കരിപ്പൂരിൽ നിന്ന് അഞ്ച് ശതമാനമായി നികുതി കുറച്ചെങ്കിലും ഗുണകരമായിട്ടില്ലെന്നാണ് വിലയിരുത്തൽ. ഇതിനിടെയാണ് ഈ മാസം സ്‌പൈസ് ജെറ്റിന്‍റെ രണ്ടാമത്തെ ബംഗളൂരു, ചെന്നൈ സർവ്വീസുകളും പിൻവലിച്ചത്. സാങ്കേതിക പ്രശ്‌നം ഉന്നയിച്ചാണ് സെപ്തംബർ അഞ്ച് വരെ സർവ്വീസ് നിർത്തിയത്. സർവ്വീസുകൾ കുറയുന്നതോടെ കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവർ, കണ്ണൂരിനെയും കൊച്ചിയേയും ആശ്രയിക്കാൻ നിർന്ധിതരാകുന്ന സാചര്യമാണ് നിലവിലുള്ളത്. ജനുവരിയിൽ നിർത്തിയ ഹൈദരാബാദ് സർവ്വീസിനു പകരം ഇൻഡിഗോക്ക് ഏപ്രിൽ മുപ്പത് മുതൽ പുതിയത് ലഭിക്കാൻ അനുമതി ലഭിച്ചിരുന്നു. ഇതൊടൊപ്പം ഉഡാൻ പദ്ധതിയിലുൾപ്പെടുത്തി ഡൽഹിയിലേക്ക് സർവ്വീസ് ആരംഭിക്കാനും ഇൻഡിഗോക്ക് അനുമതി ലഭിച്ചെങ്കിലും വിമാനങ്ങളില്ലാത്തതിനാൽ സർവ്വീസ് ആരംഭിക്കാനില്ലെന്നാണ് അതോറിറ്റിയെ അറിയിച്ചിരിക്കുന്നത്.

Comments (0)
Add Comment