കരിപ്പൂർ വിമാനത്താവളത്തിന്‍റെ റൺവേയുടെ മതിൽ തകർന്നു; സമീപത്തെ വീടുകൾക്ക് നാശനഷ്ടം

Jaihind News Bureau
Friday, May 22, 2020

കരിപ്പൂർ വിമാനത്താവളത്തിന്‍റെ റൺവേയുടെ മതിൽ തകർന്ന് വീണ് സമീപത്തെ വീടുകൾ തകർന്നു. കനത്ത മഴയിൽ റൺവേയിൽ നിന്ന് വെള്ളം പ്രദേശത്തെ വീടുകളിലേക്ക് കുത്തിയൊലിച്ചു വരുന്നതും നിത്യസംഭവമാണ്. അതേസമയം വിമാനത്താവള സമീപവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്ന് പി.കെ കുഞ്ഞാലികുട്ടി എം പി പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ചയിലെ കനത്ത മഴയിലാണ് വിമാനത്താവളത്തിന്‍റെ കാലപ്പഴക്കം ചെന്ന ചുറ്റുമതിൽ തകർന്നു വീണത്. റൺവേക്ക് സമീപ പ്രദേശമായ കൂട്ടാലുങ്ങലിലെ നിരവധി വീടുകൾ ഭാഗികമായും, കിണറിൽ മതിലിന്‍റെ അവശിഷ്ടങ്ങളും പതിച്ച് നാശനഷ്ടം ഉണ്ടായത്.

കനത്ത മഴയിൽ റൺവേയിൽ നിന്ന് പ്രദേശത്തേക്ക് വെള്ളത്തോടൊപ്പം പാമ്പ് ഉൾപ്പടെയുള്ള ജന്തുക്കൾ കുത്തിയൊലിച്ച് വരുന്നതും സമീപവാസികൾക്ക് ആശങ്കയാണ്.

പ്രദേശവാസികളുടെ ജീവനു ഭീഷണിയായ ചുറ്റുമതിലിന്‍റെ കാര്യത്തിൽ ഉടൻ പരിഹാരം കാണുമെന്ന് സ്ഥലം സന്ദർശിച്ചശേഷം വിമാനത്താവള വികസന സമിതി ചെയർമാൻ കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു.