‘അവന്മാരെ ഇനി പുറത്തുവിടരുത്, തൂക്കണം’; കരമന അഖില്‍ വധക്കേസിലെ തെളിവെടുപ്പിനിടെ ജനരോഷം; കൂസലില്ലാതെ പ്രതികള്‍

Jaihind Webdesk
Thursday, May 23, 2024

 

തിരുവനന്തപുരം: കരമന അഖിൽ കൊലക്കേസിലെ പ്രതികളുമായി തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ അഖിലിന്‍റെ കുടുംബത്തിന്‍റെ വൈകാരിക പ്രതികരണവും നാട്ടുകാരുടെ ശക്തമായ പ്രതിഷേധവും ഉയർന്നു. വലിയ രോഷപ്രകടനമാണ് നാട്ടുകാരുടെ ഭാഗത്തുനിന്ന് പ്രതികൾക്കെതിരെ ഉയർന്നത്. അഖിലിന്‍റെ ഘാതകർ നിയമത്തിനു മുന്നിൽ നിന്ന് രക്ഷപ്പെടരുതെന്ന് ആവശ്യപ്പെട്ട് പിതാവും കുടുംബാംഗങ്ങളും വൈകാരികമായി പ്രതികരിച്ചു. പ്രതികള്‍ ഇനി പുറത്തിറങ്ങില്ലെന്ന് ഉറപ്പാക്കണമെന്നും തൂക്കുകയർ തന്നെ നല്‍കണമെന്നുമാണ് തങ്ങളുടെ ആവശ്യമെന്ന് അഖിലിന്‍റെ മാതാപിതാക്കളും ബന്ധുക്കളും പറഞ്ഞു. അലമുറയിട്ട് കരഞ്ഞ അഖിലിന്‍റെ അമ്മയെ ഏറെ പണിപ്പെട്ടാണ് പോലീസുകാരും ബന്ധുക്കളും നിയന്ത്രിച്ചത്.

അഖിലിനെ കൊലപ്പെടുത്തിയ പ്രതികളായ വിനീഷ് രാജ്, അഖിൽ അപ്പു, സുമേഷ്, അനീഷ്, കിരൺ കൃഷ്ണൻ, അരുൺ ബാബു , ഹരിലാൽ, അഭിലാഷ് എന്നിവരെയാണ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഈ മാസം 10-നാണ് കരമന മരുതൂര്‍ക്കടവ് സ്വദേശി അഖിലിനെ 8 അംഗ സംഘം കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിച്ചും ഭാരമുള്ള കല്ല് ശരീരത്തിലെറിഞ്ഞും അതിക്രൂരമായി കൊലപ്പെടുത്തിയത്.