കൊവിഡ് കാലത്ത് ജനങ്ങളെക്കുറിച്ച് മോദി ചിന്തിക്കുന്നില്ല, ഇന്ധനവില വര്‍ധനവിലൂടെ നടക്കുന്നത് വന്‍കൊള്ളയെന്ന് കപിൽ സിബൽ

Jaihind News Bureau
Saturday, June 13, 2020

Kapil-Sibal

ഇന്ധനവില  വര്‍ധനവിലൂടെ കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് കപിൽ സിബൽ. മോദി അധികാരത്തിൽ എത്തിയപ്പോൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചു. കൊവിഡ് കാലത്ത് ജനങ്ങളെക്കുറിച്ച് മോദി ചിന്തിക്കുന്നില്ല. കഴിഞ്ഞ മൂന്ന് മാസം കൊണ്ട് മാത്രം ഇന്ധന വില വർധനവിലൂടെ കേന്ദ്ര സർക്കാർ കൊള്ളയടിച്ചത് 2.5 ലക്ഷം കോടിയാണെന്നും കപിൽ സിബൽ ആരോപിച്ചു.

രാജ്യം ഒരു മഹാമാരിയെ നേരിടുന്നു. ജനങ്ങൾ പ്രതിസന്ധി അഭിമുഖീകരിക്കുന്നു. പക്ഷേ ജനതയെക്കുറിച്ച് പ്രധാനമന്ത്രി ചിന്തിക്കുന്നില്ല എന്ന് കപിൽ സിബൽ കുറ്റപ്പെടുത്തി. താഴെത്തട്ടില്‍ നടക്കുന്നത് എന്തെന്ന് പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  അമിത നികുതി ചുമത്തി സർക്കാർ കൊള്ള ലാഭം കൊയ്യുകയാണ്. ഇന്ധന വിലയുടെ 69 ശതമാനവും നികുതി ഇനത്തിലാണ് ജനങ്ങളിൽ നിന്ന് ഇടക്കുന്നത്. കോർപ്പറേറ്റ് മുതലാളിമാർക്ക് കൊള്ള ലാഭം ഉണ്ടാക്കാൻ സർക്കാർ കൂട്ട് നിൽക്കുമ്പോൾ സാധാരണക്കാർക്ക് ആശ്വാസം പകരാൻ ഒന്നും  ചെയുന്നില്ലെന്നും കപിൽ സിബൽ കുറ്റപ്പെടുത്തി.

സാമ്പത്തിക മേഖല മോദി സർക്കാരിന്‍റെ കീഴിൽ തകിടം മറിഞ്ഞിരിക്കുന്നു. സർക്കാറിന് വരുമാനം എവിടെ നിന്നും ലഭിക്കുന്നില്ല. അതിനാൽ അമിത ഭാരം ജനങ്ങൾക്ക് മേൽ കെട്ടിവയ്ക്കുകയാണ് സർക്കാർ ചെയുന്നതെന്നും കപിൽ സിബൽ വ്യക്തമാക്കി.