KANNUR UNIVERSITY| കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പ്: യു.ഡി.എസ്.എഫ് പ്രവര്‍ത്തകയുടെ ബാലറ്റ് പേപ്പര്‍ എസ്.എഫ്.ഐ സ്ഥാനാര്‍ഥി തട്ടിയെടുത്തു

Jaihind News Bureau
Wednesday, August 6, 2025

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ യു.ഡി.എസ്.എഫ് പ്രവര്‍ത്തകരെ അക്രമിച്ചു. യു.ഡി.എസ്.എഫ് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി. യു ഡി എസ് എഫ് പ്രവര്‍ത്തകയുടെ ബാലറ്റ് പേപ്പര്‍ എസ് എഫ് ഐ സ്ഥാനാര്‍ഥി തട്ടിയെടുത്തു. സംഘര്‍ഷത്തിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത സ്ഥാനാര്‍ത്ഥിയെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ മോചിപ്പിച്ചു.

രാവിലെ 10 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു സംഘര്‍ഷം. വോട്ട് ചെയ്യാന്‍ വരികയായിരുന്ന കാസര്‍ഗോഡ് എം ഐ സി കോളേജിലെ എംഎസ്എഫ് യൂ യൂ സി സഫ് വാനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി.വോട്ട് ചെയ്യാന്‍ എത്തിയ കെ എസ് യു -എംഎസ്എഫ് പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു,

പ്രവര്‍ത്തകര്‍ ചെരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പോലീസ് ലാത്തി വീശി.എസ് എഫ് ഐ പ്രവര്‍ത്തകര്‍ പോലീസുകാരെയും കയ്യേറ്റം ചെയ്തു, കണ്ണൂര്‍ ടൗണ്‍ എസ് ഐയെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ യു ഡി എസ് എഫ് പ്രവര്‍ത്തകയുടെ ബാലറ്റ് പേപ്പര്‍ എസ് എഫ് ഐ സ്ഥാനാര്‍ഥി അധിഷ തട്ടിയെടുത്തു. ഇതിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത അധിഷയെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ മോചിപ്പിച്ചു. സംഘര്‍ഷത്തില്‍ 2 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കും 2 പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്ക് പറ്റി. കോടതി ഉത്തരവ് പ്രകാരം കനത്ത സുരക്ഷയിലാണ് വോടെടുപ്പ് നടന്നത്. യു ഡി എസ് എഫ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി നാജിയ റൗഫിന് കോടതി ഉത്തരവ് പ്രകാരം പ്രത്യേക പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. കാസര്‍ഗോഡ് നിന്ന് യുഡിഎസ്എഫ് കൗണ്‍സിലര്‍മാരെ കൊണ്ടുവന്ന ബസ്സ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അക്രമിച്ചു.ബസ്സിന്റെ കാറ്റഴിച്ച് വിട്ടു സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് ഉള്‍പ്പടെ സര്‍വ്വകലാശാലയില്‍ എത്തി. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബോധപൂര്‍വ്വം അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് കെ എസ് യു ആരോപിച്ചു.