
കൂത്തുപറമ്പ്: പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരം ബോംബേറ്. കണ്ണവം സ്റ്റേഷനിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസറുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ചെറുവാഞ്ചേരി പൂവത്തൂരിലെ യു.പി. അര്‍ജുന്റെ വീടിന് നേരെയാണ് അര്‍ദ്ധരാത്രിയില്‍ അക്രമമുണ്ടായത്. ബോംബ് പൊട്ടിത്തെറിക്കാത്തതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി.
വ്യാഴാഴ്ച അര്‍ദ്ധരാത്രി 12.40 ഓടെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അക്രമം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. അതിശക്തമായ സ്‌ഫോടനശേഷിയുള്ള ഒരു സ്റ്റീല്‍ ബോംബാണ് വീടിന്റെ വരാന്തയിലേക്ക് എറിഞ്ഞത്. സംഭവസമയത്ത് അര്‍ജുനും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. ഉഗ്രശേഷിയുള്ള ബോംബായിരുന്നിട്ടും പഴക്കമാകാം പൊട്ടാതിരിക്കാന്‍ കാരണമെന്ന് പോലീസ് സംശയിക്കുന്നു.
വിവരം അറിഞ്ഞ ഉടന്‍ തന്നെ കൂത്തുപറമ്പ് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സിബി ടോം, കണ്ണവം സി.ഐ. സുമിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് പൊട്ടിയിരുന്നെങ്കില്‍ വീട് തന്നെ തകര്‍ന്നുപോകുന്ന അത്രയും ആഘാതം സംഭവിക്കുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.