കണ്ണൂര്‍ ന്യൂമാഹി ഇരട്ടക്കൊലക്കേസ്: 15 വര്‍ഷത്തിന് ശേഷം വിധി; കൊടി സുനി ഉള്‍പ്പെടെ 14 പ്രതികളെയും വെറുതെ വിട്ടു

Jaihind News Bureau
Wednesday, October 8, 2025

തലശ്ശേരി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കണ്ണൂര്‍ ന്യൂമാഹി ഇരട്ടക്കൊലക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലല്‍ കഴിയുന്ന കൊടി സുനി, എ.എന്‍. ഷാഫി ഉള്‍പ്പെടെ 14 പ്രതികളെയാണ് തലശ്ശേരി അഡീഷണല്‍ ജില്ലാസെഷന്‍സ് കോടതി വെറുതെവിട്ടത്. കേസിലെ എല്ലാ പ്രതികളും കുറ്റക്കാരല്ലെന്ന് കണ്ടെത്തിയ ജഡ്ജി റൂബി കെ. ജോസ് ആണ് വിധി പ്രസ്താവിച്ചത്.

2010 മേയ് 28-ന് രാവിലെ 11 മണിയോടെ ന്യൂമാഹി പെരിങ്ങാടി റോഡിലെ കല്ലായില്‍വെച്ചാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. ഈസ്റ്റ് പള്ളൂര്‍ പൂശാരിക്കോവിലിന് സമീപം മടോമ്മല്‍ക്കണ്ടി വിജിത്ത് (28), കുറുന്തോടത്ത് ഹൗസില്‍ ഷിനോജ് (29) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങളും തെളിവുകളും നിലനില്‍ക്കുന്നതല്ലെന്ന് കണ്ടെത്തിയതോടെയാണ് കോടതി എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയത്.