40 വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമം; കണ്ണൂര്‍ മുണ്ടേരി പഞ്ചായത്തില്‍ ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്

Jaihind News Bureau
Saturday, December 27, 2025

കണ്ണൂര്‍ മുണ്ടേരി പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ സി.കെ. റസീന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നീണ്ട 40 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മുണ്ടേരി പഞ്ചായത്തില്‍ യുഡിഎഫ് ഭരണത്തില്‍ എത്തുന്നത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ സ്വന്തം പഞ്ചായത്ത് കൂടിയാണിത്.

മുണ്ടേരി പഞ്ചായത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 11 അംഗങ്ങള്‍ വീതമാണുണ്ടായിരുന്നത്. എന്നാല്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധുവായി. ഇതോടെ യുഡിഎഫ് 11 വോട്ടുകളും എല്‍ഡിഎഫ് 10 വോട്ടുകളും നേടി വിജയം ഉറപ്പിച്ചു. യുഡിഎഫ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ പ്രകടനം നടത്തി.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ ജെസി ഷിജി വട്ടക്കാട്ട് അധികാരമേറ്റു. 30 വര്‍ഷത്തിന് ശേഷമാണ് ഇവിടെ യുഡിഎഫ് ഭരണം തിരിച്ചുപിടിക്കുന്നത്. കൂടാതെ, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫ് വിജയം ആവര്‍ത്തിച്ചു; ഇവിടെ ഇന്ദിര ശ്രീധരന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

അതേസമയം, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫും യുഡിഎഫും തുല്യനിലയിലായതിനെത്തുടര്‍ന്ന് നടന്ന നറുക്കെടുപ്പിലൂടെയാണ് എല്‍ഡിഎഫിന് വിജയം ലഭിച്ചത്.