
കണ്ണൂര്‍: പിതാവിനെ പരിചരിക്കാനെത്തിയ യുവാവ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി. ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലില്‍ തോമസ്,ത്രേസ്യാമ്മ ദമ്പതികളുടെ മകന്‍ ടോം തോംസണ്‍ (40) ആണ് മരിച്ചത്.
പരിയാരം മെഡിക്കല്‍ കോളജില്‍ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് ശേഷം ടോം തോംസണിന്റെ പിതാവ് തോമസ് ചികിത്സയിലായിരുന്നു. പിതാവിന് കൂട്ടിരിക്കാന്‍ എത്തിയ ടോം നാല് ദിവസം മുമ്പാണ് ആശുപത്രിയില്‍ എത്തിയത്. ഏഴാം നിലയിലെ 702-ാം വാര്‍ഡിലായിരുന്നു തോമസിനെ പ്രവേശിപ്പിച്ചിരുന്നത്.
പുലര്‍ച്ചെ ഒരു മണിയോടെ ടോം ആശുപത്രിയില്‍ ബഹളംവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സുരക്ഷാ ജീവനക്കാരും മറ്റ് കൂട്ടിരിപ്പുകാരും ഇടപെട്ടതോടെ, ഇയാള്‍ പുറത്തേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തി ഏഴാം നിലയിലെ സ്റ്റെയര്‍കേസിന് സമീപത്തെ ജനലിലൂടെ പുറത്തേക്ക് കടന്നു. ഇതേ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ 1.15ന് പയ്യന്നൂര്‍ അഗ്‌നിശമനസേനയെ വിവരം അറിയിച്ചു.
അഗ്‌നിശമനസേന സ്ഥലത്തെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് താഴെ വലവിരിച്ച് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചപ്പോഴാണ് ടോം ഏഴാം നിലയില്‍ നിന്ന് ആറാം നിലയിലേക്കെത്തി വലയില്ലാത്ത ഭാഗത്ത് നിന്ന് താഴേക്ക് ചാടിയത്. ഉടന്‍ തന്നെ ഇയാളെ മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ 3.10ന് മരിച്ചു.
ടോം തോംസനും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് വിവാഹമോചന കേസ് നിലവില്‍ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട മാനസിക സംഘര്‍ഷങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന സംശയവും പൊലീസ് ഉയര്‍ത്തിയിട്ടുണ്ട്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.