വൈകിയെത്തിയ ‘അടിയന്തര’ ദുരിതാശ്വാസം; കെ.എസ്.ഇ.ബിക്ക് പിന്നാലെ കണ്ണൂർ മെഡിക്കൽ കോളേജിലെ സാലറി ചലഞ്ച് തട്ടിപ്പും പുറത്ത്; വിവാദമായതോടെ വകമാറ്റിയ തുക സര്‍ക്കാരിലേയ്ക്കെത്തുന്നു..

Jaihind News Bureau
Tuesday, August 20, 2019

കെ.എസ്.ഇ.ബിക്ക് സമാനമായി കണ്ണൂർ മെഡിക്കൽ കോളേജും സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുക സർക്കാരിന് കൈ മാറുന്നത് വൈകിപ്പിച്ചു. പ്രളയ ദുരിതാശ്വാസ നിധിയിലെ തുക കെ.എസ്.ഇ ബി വകമാറ്റി ചെലവഴിച്ചത് വിവാദമായതിന് പിന്നാലെ കണ്ണൂർ മെഡിക്കൽ കോളേജ് അധികൃതർ ഇന്ന് തിടുക്കപ്പെട്ട് തുക സർക്കാരിന് കൈമാറി.

സാലറി ചലഞ്ചിലൂടെ ജീവനക്കാരിൽ നിന്ന് സമാഹരിച്ച തുകയിൽ 126 കോടി രൂപ കെ.എസ്.ഇ.ബി വകമാറ്റി ചെലവഴിച്ചത് വിവാദമായതിന് പിന്നാലെയാണ് കണ്ണൂർ മെഡിക്കൽ കോളേജും സമാനമായ രീതിയിൽ തുക വകമാറ്റി എന്ന വിവരം പുറത്ത് വരുന്നത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച സാലറി ചലത്തിൽ മെഡിക്കൽ കോളേജിലെ ഭൂരിഭാഗം ജീവനക്കാരും പങ്കാളികളായിരുന്നു. സാലറി ചലഞ്ചിലൂടെ പിരിച്ചെടുത്ത 69,10,317 രൂപയാണ് കണ്ണൂർ മെഡിക്കൽ കോളേജ് അധികൃതർ സർക്കാറിന് കൈമാറാതെ വക മാറ്റി ചെലവഴിച്ചത്.കെ.എസ്.ഇ.ബി യുടെ ഫണ്ട് വകമാറ്റൽ വലിയ വിവാദമായതോടെ ഇന്ന് തിടുക്കപ്പെട്ട് തുക സർക്കാരിന് കൈമാറുകയായിരുന്നു. കോളേജിന് വേണ്ടി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് തുക മുഖ്യമന്ത്രിക്ക് കൈമാറിയത്. പ്രിന്‍സിപ്പല്‍ ഡോ. എന്‍. റോയ് അടക്കമുള്ള കോളേജ് അധികൃതരുടെ സാന്നിധ്യത്തിലായിരുന്നു തുക കൈമാറിയത്. ഫണ്ട് വകമാറ്റൽ വിവാദത്തിന് പിന്നാലെ സാലറി ചലഞ്ച് വഴി പിരിച്ച തുക കെഎസ്ഇബിയും സര്‍ക്കാരിന് കൈമാറി.

വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്. പിള്ള തുടങ്ങിയവര്‍ ചേര്‍ന്നാണ് 131 കോടി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.

https://youtu.be/tQ1snzBSDpo