എം.കെ രാഘവൻ എം.പിയുടെ ഇടപെടലില്‍ യാത്രക്കാരുടെ വലിയ പ്രശ്നത്തിന് പരിഹാരം ; കണ്ണൂർ-കോഴിക്കോട് പാസഞ്ചർ ഷൊർണൂർ വരെ നീട്ടി

കണ്ണൂർ – കോഴിക്കോട് പാസഞ്ചർ ട്രെയിൻ ഷൊർണൂർ വരെ നീട്ടി. എം.കെ രാഘവൻ എം.പിയുടെ നിരന്തര  ആവശ്യ പ്രകാരമാണ് റെയിൽവേയുടെ  തീരുമാനം. ഫെബ്രുവരി ഒന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. സർവീസ് നീട്ടുന്നതോടെ  യാത്രക്കാരുടെ വലിയ പ്രശ്നത്തിനാണ് പരിഹാരമാകുന്നത്.

എം.കെ രാഘവന്‍ എം.പി നടത്തിയ നിരന്തര ഇടപെടലുകളുടെയും റെയിൽവേ ബോർഡിൽ ചെലുത്തിയ നിരന്തര സമ്മർദ്ദങ്ങളുടെയും ഫലമായാണ് ട്രെയിന്‍ സർവീസ് നീട്ടിക്കൊണ്ട് റെയില്‍വേ ഉത്തരവിറക്കിയത്. ജനുവരി 23 ചെന്നൈ റെയിൽവേ ഹെഡ്‌ ക്വാട്ടേഴ്സിൽ വെച്ച്‌ ജനറൽ മാനേജർ, പ്രിൻസിപ്പൽ ചീഫ്‌ ഓപ്പറേഷൻസ്‌ മാനേജർ, പ്രിൻസിപ്പൽ ചീഫ്‌ കൊമേഷ്യൽ മാനേജർ, പ്രിൻസിപ്പൽ ചീഫ്‌ എഞ്ചിനീയർ, സി.പി.ഡി.ഇ, പി.സി.എം ഇ, സി.ആർ.എസ്‌.ഇ തുടങ്ങിയ ഉദ്യോഗസ്ഥരുമായി എം.കെ രാഘവന്‍ എം.പി ചർച്ച നടത്തിയിരുന്നു.

മലബാറിന്‍റെ വാണിജ്യ, വിദ്യാഭ്യാസ തലസ്ഥാനമായിട്ടുള്ള കോഴിക്കോട്‌ പോലുള്ള നഗരത്തിൽ നിന്നും കടലുണ്ടി ഉൾപ്പെടെയുള്ള ചെറിയ സ്റ്റേഷനുകളിലേക്ക് 5.45 ന് ശേഷം ട്രെയിന്‍ സർവീസുകളില്ലാത്തത് യാത്രക്കാരെ വലച്ചിരുന്നു. എം.കെ രാഘവന്‍ എം.പിയുടെ ഇടപെടലോടെ ഈ പ്രശ്നത്തിനാണിപ്പോള്‍ പരിഹാരമായിരിക്കുന്നത്. കല്ലായി, ഫറോക്ക്‌, കടലുണ്ടി, പരപ്പനങ്ങാടി,താനൂർ, തിരൂർ, തിരുനാവായ, കുറ്റിപ്പുറം, പള്ളിപ്പുറം, പട്ടാമ്പി, കാരക്കാട്‌, ഷൊർണൂർ എന്നിവിടങ്ങളില്‍ എത്തേണ്ടവർക്കും കുറ്റിപ്പുറം ഇറങ്ങി ഗുരുവായൂർ എത്തേണ്ടവർക്കും ഒരു പോലെ പ്രയോജനകരമായി മാറുകയാണ്‌ നീട്ടിയ സർവീസ്‌.

റെയിൽവേയുടെ പാലക്കാട്‌ ഡിവിഷൻ മോണിറ്ററിംഗ്‌ കമ്മറ്റി ചെയർമാൻ കൂടിയായ എം.കെ രാഘവന്‍ എം.പി റെയില്‍വേയ്ക്ക് മുന്നില്‍ ഇനിയും ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. മറ്റ്‌ ട്രെയിനുകളുടെ സർവീസ്‌ നീട്ടൽ, മെമു സർവീസ്‌ ആരംഭിക്കൽ, മംഗലാപുരം-പളനി-മധുര-രാമേശ്വരം എക്സ്പ്രസ്‌ യാഥാർത്ഥ്യമാക്കൽ, മലബാറിന്‌ ഏറെ പ്രയോജനകരമാകുന്ന പുതിയ ബാംഗ്ളൂർ സർവീസ്‌ എന്നിവയും എം.കെ രാഘവന്‍ എം.പി മുന്നോട്ടുവെച്ചിരിക്കുന്ന ആവശ്യങ്ങളാണ്.

MK Raghvan MP
Comments (0)
Add Comment