കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചു; ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

 

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. ജില്ലാ ആശുപത്രിയിൽ നിന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ‌ ചെയ്ത രോ​ഗിയാണ് തൊട്ടടുത്തുള്ള ആശുപത്രി ബസ് സ്റ്റാൻഡിൽ‌ കുഴഞ്ഞുവീണ് മരിച്ചത്. ഇന്നലെയാണ് സംഭവം.

കൂട്ടിരിക്കാൻ ആരുമില്ലാത്തതിനാൽ ആശുപത്രിയിൽ എത്താൻ സാധിക്കാതെയാണ് ഇതര സംസ്ഥാന തൊഴിലാളി മരണത്തിന് കീഴ‍ടങ്ങിയത്. കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് അവശനിലയിൽ കണ്ടെത്തിയ ഇയാളെ അ​ഗ്നിരക്ഷാസേനയാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. കാലിനുണ്ടായ പൊട്ടലിനെ തുടർന്ന് അവശനിലയിലായിരുന്നു. ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ പരിശോധിച്ച് വിദ​ഗ്ധ ചികിത്സയ്‌ക്കായി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. എന്നാൽ ജില്ലാ ആശുപത്രിയിൽ ആംബുലൻസ് ലഭിച്ചില്ല. 108 ആംബുലൻസിൽ വിളിച്ചെങ്കിലും കൂട്ടിരിപ്പുകാരില്ലാത്തത് കാരണം രോ​ഗിയെ കയറാൻ ഡ്രൈവർ വിസമ്മതിച്ചു. തുടർന്ന് ജില്ല ആശുപത്രിയിലേക്ക് തിരികെ പോയെങ്കിലും സുരക്ഷാ ജീവനക്കാർ തടയുകയാണുണ്ടായത്.

മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത ആളെ അകത്തേക്ക് കടത്തിവിടാൻ സാധിക്കില്ലെന്നായിരുന്നു സുരക്ഷ ജീവനക്കാർ പറഞ്ഞത്. പിന്നാലെ ചക്രക്കസേരയിൽ നിന്ന് ഇയാളെ നിർബന്ധപൂർവ്വം ഇറക്കി വിട്ടുവെന്നാണ് ആശുപത്രി പരിസരത്ത് ഉണ്ടായിരുന്ന ഡ്രൈവർമാർ പറഞ്ഞത്. ആശുപത്രിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി നടക്കവേ ഇയാൾ കുഴഞ്ഞുവീണ് മരിക്കുകയായി‌രുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Comments (0)
Add Comment