കണ്ണൂർ : പി.എസ്.സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനങ്ങള്‍ ചാകര പോലെ നടത്തിയ പിണറായി സർക്കാരാണ് അനുവിന്‍റെ മരണത്തിന് കാരണക്കാരെന്ന് കണ്ണൂർ ഡി.സി.സി പ്രസിഡന്‍റ് സതീശന്‍ പാച്ചേനി. പി.എസ്.സി റാങ്ക് ലിസ്റ്റുകാരോട് പിണറായി സർക്കാർ ക്രൂരത കാട്ടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പി.എസ്.സി റാങ്ക് ലിസ്റ്റ് മൂന്നു വർഷം കഴിഞ്ഞാലും പുതിയ ലിസ്റ്റ് വരുന്നതുവരെയോ പരമാവധി നാലര വർഷം വരെയോ കാലാവധി നീട്ടാൻ മുൻ യു.ഡി.എഫ് സർക്കാർ കാണിച്ച അനുകരണീയ മാതൃക പോലും പിൻതുടരാതെ പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോൾ പോലും പിൻവാതിൽ നിയമനങ്ങൾ ചാകര പോലെ നടത്തുന്നതിന് നേതൃത്വം കൊടുത്ത പിണറായി സർക്കാറാണ് ഉദ്യോഗാർത്ഥി അനുവിന്‍റെ മരണത്തിന് കാരണമെന്ന് സതീശന്‍ പാച്ചേനി പറഞ്ഞു. പി.എസ്.സി റാങ്ക് ലിസ്റ്റുകാരോട് പിണറായി സർക്കാർ ക്രൂരത കുലത്തൊഴിലാക്കിയാണ് ഭരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിയമനനിരോധനം ഉണ്ടാവില്ലെന്നും ഒഴിവുകൾ പത്ത് ദിവസത്തിനകം റിപ്പോർട്ട് ചെയ്യുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനങ്ങൾ നല്കി അധികാരത്തിലെത്തിയ പിണറായി സർക്കാർ കൺസൾട്ടൻസിക്കാർക്കും പത്താം ക്ലാസ് പോലും പാസാവാത്ത സ്വപ്നമാർക്കും വേണ്ടി ഭരിക്കുകയാണെന്നും കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റിൽ കയറുന്ന യുവജനതയുടെ സ്വപ്നങ്ങൾ തകർക്കുകയും ചെയ്യുകയാണെന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.