
രാഷ്ട്രീയ കൊലപാതക കേസിലെ പ്രതികള്‍ മുതല്‍ സ്വഭാവദൂഷ്യ ആരോപണത്തിന് പാര്‍ട്ടി നടപടി നേരിട്ടവര്‍ വരെയുള്ള കണ്ണൂര്‍ ജില്ലയിലെ സി പി എം സ്ഥാനാര്‍ത്ഥി പട്ടിക പൊതു സമൂഹത്തിന് മുന്നില്‍ ചര്‍ച്ച ആവുന്നു. ഫസല്‍ വധകേസിലെ പ്രതിയായ കാരായി ചന്ദ്രശേഖരന്‍ മുതല്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതിയായ പി പി.സുരേശന്‍ ഉള്‍പ്പടെയുള്ളവരെ സി പി എം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
അരിയില്‍ ഷുക്കൂര്‍ വധകേസ് പ്രതിയായ പി പി.സുരേശന്‍ കണ്ണൂര്‍ പട്ടുവം പഞ്ചായത്തിലെ പതിനാലാ വാര്‍ഡിലാണ് മത്സരിക്കുന്നത്. ഷുക്കൂര്‍ വധക്കേസില്‍ 28-ാം പ്രതിയാണ് ഇയാള്‍. കേസിന്റെ വിചാരണ അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കെയാണ് കൊലപാതക കേസിലെ പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കുന്നത്. എറണാകുളത്തെ സിബിഐ കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.

തലശ്ശേരിയിലെ ഫസല്‍ വധകേസിലെ പ്രതി കാരായി ചന്ദ്രശേഖരനും പാര്‍ട്ടിചിഹ്നത്തില്‍ മത്സരിക്കുന്നുണ്ട്. തലശേരി നഗരസഭയില് ലെ 16-ാം വാര്‍ഡിലാണ് കാരായി ചന്ദ്രശേഖരന്‍ മത്സരിക്കുന്നത്. രാഷ്ട്രീയ കൊലപാതക കേസിലെ പ്രതികളെ മാത്രമല്ല സി പി എം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് പാര്‍ട്ടി നടപടി നേരിട്ടയാളും കരിവെള്ളൂര്‍ – പെരളം പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്. മോശമായി പെരുമാറിയെന്ന പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ വിവി പ്രദീപനാണ് കണ്ണൂര്‍ കരിവെള്ളൂര്‍ – പെരളം പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ജനവിധി തേടുന്നത്.
പയ്യന്നൂര്‍ നഗരസഭയിലെ ഏഴാം വാര്‍ഡില്‍ മുന്‍ ഏരിയ സെക്രട്ടറി കെ പി മധുവിനെ സി പി എം സ്ഥാനാര്‍ത്ഥിയാക്കിയതും പൊതു സമൂഹത്തില്‍ ചര്‍ച്ച ആയിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട പൊതു വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല ഫോട്ടൊ പോസ്റ്റ് ചെയ്തതിനായിരുന്നു മധുവിനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത്. പിന്നീട് പാര്‍ട്ടിയില്‍ സജീവമായ കെ പി മധുവിന് ടി ഐ മധുസൂദനന്‍ ഇടപെട്ടാണ് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതെന്നാണ് സൂചന.
എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്‌ക്കെതിരായ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ സര്‍വീസില്‍ നിന്നും വിരമിച്ചതിന് പിന്നാലെ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതും ചര്‍ച്ച ആയിട്ടുണ്ട്. കണ്ണൂര്‍ മുന്‍ എസിപി ടി.കെ. രത്‌നകുമാര്‍ ശ്രീകണ്ഠാപുരം നഗരസഭയിലാണ് മത്സരിക്കുന്നത്, ഇക്കഴിഞ്ഞ മാര്‍ച്ച് 31നാണ് രത്‌നകുമാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചത്. എസിപി ആയിരുന്ന രത്‌നകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് എതിരെ കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് രംഗത്ത് വന്നിരുന്നു. സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം ഉള്‍പ്പടെ ഉയര്‍ത്തി കാട്ടി ശക്തമായ പ്രചാരണം നടത്താനാണ് യു ഡി എഫ് തീരുമാനം.