
കണ്ണൂരിലെ ബിഎല്‍ഒയുടെ ആത്മഹത്യയില്‍ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. അനീഷ് ജോര്‍ജ്ജിന് ഭീഷണിയുണ്ടായി. ഭീഷണിക്ക് ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നും ഡിസിസി സെക്രട്ടറി രജിത്ത് നാറാത്ത് മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ്സ് ബൂത്ത് ലെവല്‍ ഏജന്റിനെ കൂട്ടി വീട് കയറരുതെന്ന് അനീഷിനോട് പറയുകയും
ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കോണ്‍ഗ്രസ്സ് ആരോപിക്കുന്നു.
പയ്യന്നൂര്‍ കാങ്കോല്‍-ആലപ്പടമ്പ് ഏറ്റുകുടക്ക ബൂത്ത് നമ്പര്‍ 18-ലെ ബി.എല്‍.ഒ അനീഷിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ബി.എല്‍.ഒ. ആയ അനീഷ്, എസ്.ഐ.ആര്‍. ഫോം വിതരണവുമായി ബന്ധപ്പെട്ട് പ്രാദേശിക സി.പി.എം. നേതാക്കളുടെ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. എസ്.ഐ.ആര്‍. ഫോം വിതരണം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് പ്രതിനിധിയായ മറ്റൊരു ബി.എല്‍.ഒയെ കൂടെ കൊണ്ടുപോയതിനെതിരെ സി.പി.എം. പ്രവര്‍ത്തകര്‍ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഭീഷണിയെയും സമ്മര്‍ദ്ദത്തെയും തുടര്‍ന്നാണ് അനീഷ് കടുത്ത നടപടിയിലേക്ക് നീങ്ങിയതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.