കണ്ണപുരം കീഴറയിലെ വാടക വീട്ടില്‍ സ്ഫോടനം നടന്ന സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അനൂപ് മാലിക്കിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് വെച്ചാണ് കണ്ണപുരം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
സ്ഫോടക വസ്തുക്കള്‍ നിയമവിരുദ്ധമായി കൈകാര്യം ചെയ്തതിന് ഇയാള്‍ക്കെതിരെ മുന്‍പും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. 2016-ല്‍ 57 വീടുകള്‍ക്ക് നാശനഷ്ടമുണ്ടാക്കിയ പൊടിക്കുണ്ട് സ്ഫോടനക്കേസിലെ മുഖ്യപ്രതി കൂടിയാണ് അനൂപ് മാലിക്. ഇയാള്‍ക്കെതിരെ ആകെ ഏഴ് കേസുകള്‍ നിലവിലുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെയാണ് കണ്ണപുരം കീഴറയിലെ വാടക വീട്ടില്‍ സ്ഫോടനം നടന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അനൂപ് മാലിക് അറസ്റ്റിലായത്. സംഭവത്തില്‍ വീട് പൂര്‍ണ്ണമായി തകര്‍ന്നു. സ്ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങള്‍ ചിന്നിച്ചിതറുകയായിരുന്നു. ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കീഴറ ഗോവിന്ദനെന്ന മുന്‍ അധ്യാപകന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ രണ്ട് പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നതെന്നാണ് വിവരം ഒരാളുടെ മൃതദേഹമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയിരിക്കുന്നത്.