കൊവിഡും ലോക് ഡൗണും വിഷുക്കാലത്തെ കണിവെള്ളരി കർഷകരെ പ്രതിസന്ധിയിലാക്കി; ആവശ്യക്കാരില്ലാതെ പാടത്തു നശിക്കുന്നത് കിലോ കണക്കിന് കണിവെള്ളരി

Jaihind News Bureau
Thursday, April 9, 2020

വിഷുക്കാലമായിട്ടും സമൃദ്ധിയുടെ കണിവെള്ളരി വിറ്റൊഴിക്കാനാവാതെ കർഷകർ ബുദ്ധിമുട്ടുകയാണ്. കൊവിഡ് വൈറസും ലോക് ഡൗണും വലിയ പ്രതിസന്ധിയാണ് ഈ കർഷകർക്ക് നൽകിയിരിക്കുന്നത്. കർഷകരുടെ ഒരു വർഷത്തെ കാത്തിരിപ്പാണ് ഇവിടെ വിഫലമായിരിക്കുന്നത്.

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ കണിവെള്ളരി വിളഞ്ഞ് സ്വര്‍ണ്ണ വര്‍ണ്ണമായി വിഷുവിനെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. പാടത്തു വിളഞ്ഞു കിടക്കുന്ന വെള്ളരി എന്തു ചെയ്യുമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് കർഷകർ. കൊവിഡ്-19ന്റെ കെടുതിയില്‍ പണിയും പണവുമില്ലാതായ നാട്ടില്‍ എങ്ങിനെ വിറ്റുതീര്‍ക്കുമെന്ന ചിന്ത കര്‍ഷകരെ അലട്ടുകയാണ്. മാസങ്ങള്‍ക്ക് മുൻപ്‌ തന്നെ വിത്ത് പാകി നനച്ചു വളര്‍ത്തുന്ന വെള്ളരി വിഷു അടുത്ത് വരുമ്പോൾ വിളവെടുത്ത് മാര്‍ക്കറ്റില്‍ എത്തിക്കുകയാണ് കര്‍ഷകരുടെ പതിവ്. എന്നാൽ ഇത്തവണ എല്ലാം നിലച്ചു.

കൃഷിയിടത്തില്‍ നിന്ന് മൊത്തമായി വാങ്ങി വിപണിയിലെത്തിക്കുന്ന സ്ഥാപനങ്ങളും ഉണ്ടായിരുന്നു. കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ മാത്രം കിലോക്കണക്കിന് വെള്ളരിയാണ് വില്പന നടത്തിയിരുന്നത്. എന്നാല്‍ ലോക്ക് ഡൗണില്‍ വിഷു ആഘോഷവും ഇല്ലാതായതോടെ ആവശ്യക്കാര്‍ എത്രയുണ്ടാകുമെന്ന് ഒരു പ്രതീക്ഷയുമില്ല. ആവശ്യക്കാരില്ലാതെ പാടത്തു തന്നെ നശിക്കുന്നതും കിലോ കണക്കിന് വരുന്ന കണിവെള്ളരിയാണ്.