കൊച്ചി: കണ്ടല സഹകരണ ബാങ്കിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതികളായ സിപിഐ മുന്‍ നേതാവും ബാങ്ക് പ്രസിഡന്‍റുമായിരുന്ന ഭാസുരാംഗന്‍റെയും മകൻ അഖിൽജിത്തിന്‍റെയും ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ബാങ്കിലെ മുൻ ഭരണസമിതി അംഗങ്ങളെയും ഭാസുരാംഗന്‍റെ കുടുംബാംഗങ്ങളെയും ഇഡി ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ നവംബര്‍ 21 നാണ് ഭാസുരാംഗനെയും അഖില്‍ജിത്തിനെയും ഇഡി അറസ്റ്റ് ചെയ്തതത്. ഇരുവരുടേയും റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത നേതാക്കളുമായി ബന്ധമുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നുമാണ് ഇഡിയുടെ വാദം. കണ്ടലയിലേത് സംഘടിത കുറ്റകൃത്യമാണെന്നും മുഴുവന്‍ നിക്ഷേപങ്ങളെ കുറിച്ചും ആസ്തികളെക്കുറിച്ചും ഭാസുരാംഗന്‍ വെളിപ്പെടുത്തുന്നില്ലെന്നും ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
തട്ടിപ്പിലൂടെ ലഭിച്ച പണം എന്ത് ചെയ്‌തെന്നറിയാന്‍ കൂടുതല്‍ രേഖകള്‍ കണ്ടെടുക്കേണ്ടതുണ്ട്. സംഘടിത കുറ്റകൃത്യങ്ങളിലെ പങ്കാളികളാണ് പ്രതികള്‍. പല ഇടപാടുകളും നടത്തിയിട്ടുള്ളത് ബിനാമി പേരുകളിലാണ്. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരുടെ നിസഹകരണം മൂലം ബാങ്കുകളില്‍ നിന്നും മുഴുവന്‍ രേഖകള്‍ ലഭിച്ചിട്ടില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.