കളമശേരി : സമാനസംഭവങ്ങള്‍ നേരത്തെയും ഉണ്ടായി ; നഴ്‍സിങ് ഓഫീസറുടെ ശബ്ദസന്ദേശം ശരിവെച്ച് ഡോക്ടർ

 

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് പരിചരണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയ നഴ്‍സിങ് ഓഫീസറുടെ ശബ്ദസന്ദേശം ശരിവെച്ച് ഡോക്ടർ. ഓക്സിജന്‍ മാസ്ക് അഴിഞ്ഞ നിലയിലും വെന്‍റിലേഷന്‍ ട്യൂബ് ഘടിപ്പിക്കാതെയുമുള്ള സംഭവങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജിലെ ഡോക്ടർ നജ്മ വെളിപ്പെടുത്തി.

ഓക്സിജന്‍ മാസ്ക് അഴിഞ്ഞ നിലയിലും വെന്‍റിലേഷന്‍ ട്യൂബ് ഘടിപ്പിക്കാതെയുമുള്ള സംഭവങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അധികൃതരെ അറിയിച്ചിരുന്നു. ചില നഴ്‍സിങ് ജീവനക്കാര്‍ അശ്രദ്ധമായി പെരുമാറുന്നു. കൊവിഡ് ബാധിച്ച്‌ മരിച്ച രണ്ട് രോഗികള്‍ക്കും പരിചരണക്കുറവ് മൂലം ഓക്സിജന്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇക്കാര്യവും ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ഡോ. നജ്‍മ വ്യക്തമാക്കി.

അതേസമയം  നഴ്‍സിങ് ഓഫീസറുടെ പരാമര്‍ശത്തില്‍‌ ഇന്ന് വിശദമായ അന്വേഷണം ആരംഭിക്കും. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.  ചികിത്സ പിഴവ് മൂലമാണ്  ഹാരിസ് എന്ന കൊവിഡ് രോഗി മരിച്ചതെന്ന നഴ്‍സിങ് ഓഫീസറുടെ ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് ഇന്നലെ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. രോഗി ചികിത്സയിലുണ്ടായിരുന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ വിശദാംശങ്ങള്‍ ആരോഗ്യവിദ്യാഭ്യാസ ഡയറക്ടര്‍ തേടിയിട്ടുണ്ട്. മരിച്ച ഹാരിസിന്‍റെ ബന്ധുക്കള്‍ ഇതുമായി ബന്ധപ്പെട്ട് മുമ്പ് ആരോഗ്യമന്ത്രിക്കയച്ച പരാതിയിലെ ആക്ഷേപങ്ങളും അന്വേഷിക്കും.

 

Comments (0)
Add Comment