ഭീഷണിയായി ‘കുട്ടി ക്രിമിനല്‍സ്’ ; കൊല്ലത്തും കളമശേരി മോഡൽ ആക്രമണം

Jaihind News Bureau
Wednesday, January 27, 2021

 

കൊല്ലം :  കൊല്ലത്തും കളമശേരി മോഡൽ ആക്രമണം. എട്ടിലും ഒമ്പതിലും പഠിക്കുന്ന കുട്ടികളാണ് കൂട്ടുകാരുടെ മർദ്ദനത്തിനിരയായത്. കൊല്ലം കരിക്കാട് സ്വദേശികളായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. അക്രമം ചോദ്യംചെയ്ത 8-ാം ക്ലാസ് വിദ്യാർത്ഥിക്കും മർദ്ദനമേറ്റു.

ഈ മാസം 24-ാം തീയതിയാണ് കളമശേരിയിലേതിന് സമാനമായ സംഭവം നടന്നത്. കളിക്കുന്നതിനിടെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു മർദ്ദനം. പത്താം ക്ലാസിലും പ്ലസ്ടുവിലും പഠിക്കുന്ന കുട്ടികളാണ്  മർദ്ദിച്ചത്. ബെൽറ്റുപയോഗിച്ച് അടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കുട്ടികളുടെ രക്ഷിതാക്കൾ ആക്രമണ വിവരം അറിയുന്നത്. മർദ്ദനവിവരം പുറത്തുപറഞ്ഞാൽ ഇതിലും വലുത് കിട്ടുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് രക്ഷിതാക്കൾ. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.