കെ സ്വിഫ്റ്റ് ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു : അപകടം തൃശൂരില്‍

Jaihind Webdesk
Thursday, April 14, 2022

കെഎസ്ആർടിസി കെ സ്വിഫ്റ്റ് ബസ് ഇടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം. തമിഴനാട് സ്വദേശി പരസ്വാമി (55) ആണ് മരിച്ചത്. തൃശൂർ കുന്നംകുളും മലായ ജംഗ്ഷനു മുന്നിൽ  രാവിലെ 5 30 ഓടെയാണ് അപകടം നടന്നത്. അപകടത്തിന് ശേഷം ബസ് നിർത്താതെ പോയി.  അപകട വിവരം പോലീസിനെ അറിയിച്ചത് നാട്ടുകാരാണ്. അപടത്തിന് ശേഷം കോഴിക്കോടെത്തിയ ബസ് തിരിച്ച് കുന്നംകുളത്തേക്ക് കൊണ്ടുവരും. അപകടമുണ്ടായത് ഡ്രൈവർ അറിഞ്ഞില്ലെന്ന് കുന്നംകുളം പോലീസ് പറഞ്ഞു.

സമീപത്തെ കടയിൽ നിന്നും ചായ വാങ്ങാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബസ് പരസ്വാമിയെ ഇടിക്കുകയായിരുന്നുവെന്നാണു ദൃക്സാക്ഷികൾ പറയുന്നത്. സംഭവമറിഞ്ഞ് കുന്നംകുളം പോലീസ് നടത്തിയ പരിശോധനയിൽ ബസ് കണ്ടെത്തി. പരുക്കേറ്റയാളെ കുന്നംകുളം ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനെ തുടർന്നു പിന്നീട് തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കെ സ്വിഫ്റ്റ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെ തിരുവനന്തപുരത്തും മലപ്പുറത്തുമായി നടന്ന അപകടങ്ങള്‍ കെ സ്വിഫ്റ്റ് ഡ്രൈവർമാരുടെ പിഴവെന്ന് കണ്ടെത്തി 2 പേരെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു.