പടലപ്പിണക്കങ്ങളേയും ഗ്രൂപ്പുകളേയും അവഗണിച്ച് ബിജെപിക്ക് കോര്‍പ്പറേറ്റ് നേതൃത്വം. മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനാകും. മല്‍സരം ഒഴിവാക്കി കേന്ദ്രം പ്രഖ്യാപിക്കുന്ന വ്യക്തി നോമിനേഷന്‍ നല്‍കുന്ന രീതിയാണ് ബിജെപിയ്ക്ക് . അതിനാല്‍ ഊഹാപോഹങ്ങളെല്ലാം ഒഴിവാക്കി രാജീവ് ചന്ദ്രശേഖര്‍ മാത്രമാകും നോമിനേഷന്‍ നല്‍കുക
തിരുവനന്തപുരത്ത് ഇന്നു ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. കോര്‍ കമ്മിറ്റി കേന്ദ്രനിര്‍ദേശം അംഗീകരിച്ചു. രാജീവ് ചന്ദ്രശേഖര്‍ ഇന്ന് തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാളെ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
കേരളത്തിലെ ബിജെപിയെ ഒരു വനിത നയിക്കുമോ അതോ അഞ്ച് വര്‍ഷമായി സ്ഥാനത്തിരിക്കുന്ന കെ.സുരേന്ദ്രന് സ്ഥാനം നീട്ടിക്കിട്ടുമോ എന്ന ചര്‍ച്ചയായിരുന്നു സജീവമായിരുന്നത്. സീനിയര്‍ നേതാക്കളെ എല്ലാം പിന്തള്ളിയാണ് രാജീവ് ചന്ദ്രശേഖര്‍ നേതൃത്വത്തിലെത്തുന്നത്. സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി ഇന്ന് ഉച്ചയ്ക്ക് ബാംഗ്ലൂരില്‍ നിന്നെത്തും. അദ്ദേഹമായിരിക്കും നോമിനേഷന്‍ സ്വീകരിക്കുക.
വി മുരളീധരന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക ഗ്രൂപ്പിനേയും എം.ടി.രമേശ്, ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളേയും ഒഴിവാക്കിയത് പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഉണ്ടാക്കും. നിലവില്‍ പുകഞ്ഞു നില്‍ക്കുന്ന നേതാക്കളുടെ അസംതൃപ്തി പുറത്തെത്തുകയാണെങ്കില്‍ അത് സംഘടനാ തലത്തില്‍ തന്നെ ബിജെപിയ്ക്കു പരിഹരിക്കേണ്ടി വരും
സംഘപരിവാറിന്റെ സംഘടനാ പരിചയമില്ലാത്ത ഒരാള്‍ കേരളത്തില്‍പാര്‍ട്ടി നേതൃത്വത്തിന്റെ തലപ്പത്ത് എത്തുന്നത് ആദ്യമായാണ്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിന്റെ പ്രകടനത്തിലുപരി പാര്ട്ടിക്കുള്ളിലെ ചരടുവലികളാണ് രാജീവ് ചന്ദ്രശേഖറിനെ പാര്‍ട്ടി ഏല്‍പ്പിച്ചുകൊടുക്കാന്‍ കാരണമാകുന്നത്