വര്‍ഗ്ഗീയവാദികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളമെന്ന് കെ പിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. എമ്പുരാന്‍എന്ന സിനിമയെപ്പറ്റി നടക്കുന്ന വിവാദങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതായും ഈ സിനിമയ്‌ക്കെതിരെ വര്‍ഗ്ഗീയ പരാമര്‍ശങ്ങളുമായി സംഘപരിവാര്‍ അനുകൂലികള്‍ പരസ്യമായി രംഗത്ത് വരുമ്പോള്‍ അതിനെതിരെ നടപടിയെടുക്കാനുള്ള നട്ടെല്ല് കേരളത്തിന്റെ ആഭ്യന്തര മന്ത്രി കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വര്‍ഗ്ഗീയവാദികള്‍ക്ക് പേക്കൂത്ത് കാണിക്കാന്‍ കേരളത്തെ വിട്ടുകൊടുക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് കലാപകാലത്ത് ഹിന്ദു നാമധാരികളായ തീവ്രവാദികള്‍ നടത്തിയ കൊടുംക്രൂരതകള്‍ സിനിമയിലൂടെ ജനങ്ങള്‍ക്ക് അനുഭവ വേദ്യമാക്കിയ എമ്പുരാന്റെ സൃഷ്ടികര്‍ത്താക്കള്‍ക്ക് കെപിസിസിയുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം
‘എമ്പുരാന്‍’എന്ന സിനിമയെപ്പറ്റി നടക്കുന്ന വിവാദങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്ന കലാപരംഗങ്ങള്‍ ഗുജറാത്ത് കലാപ കാലത്ത് സംഘപരിവാര്‍ നടത്തിയ കലാപമാണെന്ന സ്വയം ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപി അനുകൂലികള്‍ ഈ സിനിമയ്‌ക്കെതിരെ രംഗത്ത് വന്നതെന്നാണ് മനസ്സിലാക്കുന്നത്.
സിനിമയിലെ കലാപകാരികള്‍ ബിജെപിയാണെന്ന് സ്വയം തിരിച്ചറിയാന്‍ സംഘപരിവാറിന് സാധിച്ചത് വലിയ കാര്യം തന്നെയാണ്. ഇന്ത്യാ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങള്‍ സിനിമ എന്ന മാദ്ധ്യമത്തിലൂടെ അടയാളപ്പെടുത്താന്‍ ശ്രമിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍.
ഒരു സിനിമ രാഷ്ട്രീയം സംവദിക്കുമ്പോള്‍ അതിനെതിരെ അസഹിഷ്ണുത പുലര്‍ത്തുന്നത് ബിജെപിയെയും സിപിഎമ്മിനെയും പോലെയുള്ള ഏകാധിപത്യ പാര്‍ട്ടികളുടെ സ്ഥിരം സമീപനമാണ് . പല കാലങ്ങളിലും നമ്മള്‍ അതിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. മുസ്ലിം സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ട് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നടത്തിയ വസ്തുതാ വിരുദ്ധമായ പരാമര്‍ശങ്ങള്‍ ഒക്കെ ഉത്തരേന്ത്യയിലെ സംഘപരിവാര്‍ ആഘോഷിക്കുന്നതും അതിന്റെ ചുവടു പിടിച്ച് കേരളത്തിനെതിരെ വിദ്വേഷം പടര്‍ത്തിക്കൊണ്ട് നിരവധി സിനിമകള്‍ പടച്ചുവിടുന്നതും നാം കണ്ടിട്ടുണ്ട്. അന്നൊക്കെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരായവര്‍ ഇന്നെന്തിനാണ് ഒരു സിനിമയെ ഭയപ്പെടുന്നത്?
സംഘ് പരിവാര്‍ സംഘടനയായ ബജ്രംഗ് ദളിന്റെ ഗുജറാത്തിലെ നേതാവായിരുന്ന ബാബു ബജ്രംഗി ഗുജറാത്ത് കലാപത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കൂട്ടക്കൊലയായി കരുതപ്പെടുന്ന നരോദ പാട്യ കൂട്ടക്കൊലയിലെ പ്രധാന പ്രതിയായിരുന്നു. ജീവപര്യന്തം കഠിന തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്ന ഇയാള്‍ ഇപ്പോള്‍ പരോളിലാണ്. ഇപ്പോള്‍ മാത്രമല്ല 2014ല്‍ മോദി സര്‍ക്കാര്‍ വന്നതിന് ശേഷം ഭൂരിപക്ഷം സമയവും ഇയാള്‍ പരോളിലായിരുന്നു. ‘തെഹല്‍ക്ക’ നടത്തിയ ഒരു സ്റ്റിംഗ് ഓപ്പറേഷനില്‍ കൂട്ടക്കൊലയിലെ തന്റെ പങ്കിനേക്കുറിച്ചും, തന്നെ സഹായിക്കാന്‍ വേണ്ടി നരേന്ദ്രമോദി മൂന്ന് തവണ ജഡ്ജിമാരെ മാറ്റിത്തന്നു എന്നും ഒളിക്യാമറയില്‍ ബാബു ബജ്രംഗി തന്നെ വളരെ കൃത്യമായി പറയുന്നുണ്ട്. താഴെ നല്‍കിയിരിക്കുന്ന ചിത്രത്തില്‍ നിന്ന് നരേന്ദ്ര മോദി, എല്‍.കെ അദ്വാനി, അമിത് ഷാ, ബാബു ഭായ് പട്ടേല്‍ എന്ന ബാബു ബജ്രംഗി എന്നിവരുടെ അടുപ്പം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും
ഇത്തരം വര്‍ഗ്ഗീയവാദികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം. ഈ സിനിമയ്‌ക്കെതിരെ വര്‍ഗ്ഗീയ പരാമര്‍ശങ്ങളുമായി സംഘപരിവാര്‍ അനുകൂലികള്‍ പരസ്യമായി രംഗത്ത് വരുമ്പോള്‍ അതിനെതിരെ നടപടിയെടുക്കാനുള്ള നട്ടെല്ല് കേരളത്തിന്റെ ആഭ്യന്തര മന്ത്രി കാണിക്കണം. ഈ വര്‍ഗ്ഗീയവാദികള്‍ക്ക് പേക്കൂത്ത് കാണിക്കാന്‍ കഴിഞ്ഞ 9 കൊല്ലങ്ങളായി കാണുന്ന രീതിയില്‍ വീണ്ടും കേരളത്തെ വിട്ടുകൊടുക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടുന്നു. ഇന്ത്യയിലെ മുഴുവന്‍ ഹിന്ദു സമൂഹത്തിനും അപമാനമായി ഗുജറാത്ത് കലാപകാലത്ത് ഹിന്ദു നാമധാരികളായ തീവ്രവാദികള്‍ നടത്തിയ കൊടുംക്രൂരതകള്‍ സിനിമയിലൂടെ ജനങ്ങള്‍ക്ക് അനുഭവ വേദ്യമാക്കിയ എമ്പുരാന്റെ സൃഷ്ടികര്‍ത്താക്കള്‍ക്ക് കെപിസിസിയുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു