കോൺഗ്രസില്‍ സെമികേഡർ സിസ്റ്റം കൊണ്ടുവരും ; യുഡിഎഫിനെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യം : കെ സുധാകരന്‍

Jaihind Webdesk
Friday, June 11, 2021

കണ്ണൂർ : കോൺഗ്രസിന് പുത്തനുണർവ് നൽകുക എന്ന ഉത്തരവാദിത്തം നിറവേറ്റുമെന്ന് നിയുക്ത കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. കേരളത്തിലെ രാഷ്ട്രിയ പ്രബുദ്ധതയുള്ള ജനങ്ങളുടെ മുന്നിൽ കോൺഗ്രസിനെ തിരിച്ച് കൊണ്ടുവരാൻ എളുപ്പമാണെന്നാണ് വിശ്വാസം. കോൺഗ്രസിലെ നേതാക്കളെ ഒറ്റകെട്ടായി മുന്നോട്ട് കൊണ്ടു പോകുംമെന്നും   സെമികേഡർ സിസ്റ്റം പാർട്ടിയിൽ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജംബോ കമ്മറ്റികളുണ്ടാക്കിയിരുന്നത് പാർട്ടിയിൽ ഗ്രൂപ്പിന്‍റെ അംഗസംഖ്യ വ‌ർദ്ധിപ്പിക്കാനാണ്. ഇനി അത് വേണ്ട.സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന സൂചന സുധാകരൻ നൽകി. പാർട്ടി വിരുദ്ധ പ്രവ‌ർത്തനം ഉണ്ടായാൽ നിഷ്‌കരുണം അച്ചടക്ക നടപടികൾ കൈക്കൊള്ളാൻ ജില്ല തലത്തിലടക്കം സമിതികൾ ഉണ്ടാകും. ഡി സി സി പുനസംഘടന 5 അംഗ കമ്മിറ്റിയെ നിയോഗിക്കും. ജൂൺ 16 ന് തിരുവനന്തപുരത്തെ ഇന്ദിരാഭവനിലെത്തി കെ.സുധാകരൻ അദ്ധ്യക്ഷ പദവി ഏ‌റ്റെടുക്കുമെന്നും  അദ്ദേഹം പറഞ്ഞു.

മുട്ടിൽ മരംമുറി നടന്നയിടത്ത് കോൺഗ്രസ് നേതാക്കൾ ഉടൻ സന്ദർശിക്കുമെന്നും അവിടെ നിയമലംഘനം തടയാൻ സമരം ഏ‌റ്റെടുക്കുമെന്നും സുധാകരൻ പറഞ്ഞു. അദാനി പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ സിപിഎമ്മിന് കള‌ളപ്പണമെത്തിച്ചെന്ന ആരോപണം ഇന്നും സുധാകരൻ ഉന്നയിച്ചു.

ഏകാധിപതികളായ  പിണറായി വിജയന്‍റേയും, നരേന്ദ്ര മോഡിയുടെയും ഭാഗ്യമാണ് കൊവിഡ്. സി പി എം ,ബി ജെ പി അവിഹിത ബന്ധം അവർ നിലനിർത്തുന്നതിന് തെളിവാണ് ഇഡി യു ടെ മുന്നിലുള്ള കേസുകള്‍ക്ക്  അനക്കമില്ലാതാകുന്നതെന്നും സുധാകരന്‍ വിമർശിച്ചു. പിണറായി പ്രതിയായ ലാവ്ലിൻ കേസിലടക്കം ഇതാണ് നടക്കുന്നത്.  തന്‍റെ മുഖം കണ്ടാൽ ചിരിക്കാത്തയാളാണ് പിണറായി. കൊലക്കേസ് പ്രതിയായ പിണറായിക്ക് മുഖ്യമന്ത്രി ആകാമെങ്കിൽ സിപിഎമ്മിന് കുഞ്ഞനന്ദന്‍റെ ചരമദിനം ആചരിക്കാനും സാധിക്കും. അക്രമരാഷ്ട്രീയവും ജനാധിപത്യ വിരുദ്ധ പ്രവർത്തനവും നിർത്തിയാൽ മാത്രമേ സിപിഎമ്മിനോട് സന്ധിയുള്ളൂവെന്നും സുധാകരന്‍ വ്യക്തമാക്കി.

ജന്മനാടായ കണ്ണുരിലെത്തിയ കെ സുധാകരനെ ഡി സി സി പ്രസിഡന്‍റ് സതീശൻ പാച്ചേനി , കെ പി സി സി നേതാക്കളായ വി എ നാരായണൻ, സജീവ് മാറോളി, ചന്ദ്രൻ തില്ലങ്കേരി, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി, തുടങ്ങിയവർ സ്വീകരിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഔദ്യോഗിക സ്വീകരണ പരിപാടി ഉണ്ടായിരുന്നില്ല