‘രക്തസാക്ഷികളെ വിറ്റുകാശാക്കുന്ന പാർട്ടി’; സി.പി.എം മാപ്പ് പറയണമെന്ന് കെ. സുധാകരൻ എംപി

Jaihind News Bureau
Monday, January 26, 2026

പയ്യന്നൂരിൽ രക്തസാക്ഷിഫണ്ട് മുക്കിയ സംഭവത്തിൽ എംഎൽഎ ടി .ഐ മധുസൂദനനടക്കമുള്ള നേതാക്കൾക്ക് സംരക്ഷക കവചം തീർക്കുന്ന കണ്ണൂരിലെ സിപിഎം നേതൃത്വം കേരളത്തിലെ രക്തസാക്ഷി കുടുംബങ്ങളോട് മാപ്പ് പറയണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ .സുധാകരൻ എംപി.

രക്തസാക്ഷികളുടെ ഫോട്ടോ വെച്ച് വോട്ട് പിടിച്ച് എംഎൽഎ യായ വ്യക്തി തന്നെ രക്തസാക്ഷി ഫണ്ട് മുക്കിയ സംഭവം കേരളത്തിലെ പൊതുപ്രവർത്തകർക്കാകെ അപമാനമാണ് . സാധാരണക്കാരായ പാർട്ടി പ്രവർത്തകരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും രക്തസാക്ഷികളുടെ പേരിൽ പിരിച്ച ഫണ്ട് എംഎൽഎയുടെയും കൂട്ടാളികളുടെയും അക്കൗണ്ടിൽ എത്തിയതിന്റെ നിജസ്ഥിതി കേരളത്തിലെ പൊതുസമൂഹത്തോട് വിളിച്ചു പറഞ്ഞത് പ്രതിപക്ഷ പാർട്ടിക്കാരല്ല, മറിച്ച് സ്വന്തം പാർട്ടിയിലെ തലമുതിർന്ന നേതാവാണ്. സി പി എം എന്ന പാർട്ടി ഇന്ന് എത്തി നിൽക്കുന്ന അപചയമാണ് ഈ സംഭവം വെളിവാക്കുന്നത്. ടി .ഐ മധുസൂദനൻ എംഎൽഎയുടെ പേരിൽ അഴിമതി ആരോപണം ഉയർന്നപ്പോൾ തന്നെ ഉന്നത നേതാക്കൾ ഇടപെട്ട് അത് ഒതുക്കിയത് , മുക്കിയ ഫണ്ടിന്റെ വിഹിതം സംസ്ഥാന നേതാക്കന്മാരും പങ്കിട്ടെടുത്തതിന്റെ തെളിവാണ്. രക്തസാക്ഷി ഫണ്ട് വെട്ടിച്ചതിലൂടെ തെല്ലും ഉളുപ്പില്ലാത്ത പാർട്ടിയായി സിപിഎം അധ:പതിച്ചു. ഫണ്ട് മുക്കൽ പുറത്തുകൊണ്ടുവന്നത് വെറുമൊരു കുഞ്ഞികൃഷ്ണൻ മാത്രമാണെന്ന് ധരിക്കരുത്. കണ്ണൂർ ജില്ലയിലെ സിപിഎം നേതൃത്വത്തിലെ പല പ്രഗത്ഭരും ഈ വെളിപ്പെടുത്തലിന് പിന്നിലുണ്ട് . അധികം താമസിയാതെ അണിയറയിലെ സിപിഎം പ്രഗത്ഭർ മറനീക്കി പുറത്തുവരും .

ഫണ്ട് മുക്കിയതിന്റെ ജാള്യത മറക്കാനാണ് സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തിയ പയ്യന്നൂരിലെ കോൺഗ്രസ് നേതാക്കന്മാരെയും , പ്രവർത്തകരെയും സി.പി.എം ഗുണ്ടകൾ ക്രൂരമായി അടിച്ചു പരിക്കേൽപ്പിച്ചത്. ഇതുകൊണ്ടൊന്നും ഫണ്ട് മുക്കിയ സംഭവത്തിൽ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാനാവില്ല . എന്തിനും ഏതിനും കോൺഗ്രസ് പ്രവർത്തകരെക്കെതിരെ കേസെടുത്ത് ജയിലടക്കുന്ന പിണറായി പോലീസ് എന്തുകൊണ്ടാണ് ഫണ്ട് മുക്കിയ സംഭവത്തിൽ കേസെടുത്ത് അന്വേഷിക്കാത്തത് . അടിയന്തിരമായി പോലീസ് കേസെടുത്ത് അന്വേഷിക്കണം. പയ്യന്നൂരിലെ ഫണ്ട് മുക്കൽ സംഭവം കേരളത്തിലെ സിപിഎമ്മിനുള്ള അപായ സൂചനയാണ്. വരും നാളുകളിൽ കേരളത്തിലെ പല സിപിഎം രക്തസാക്ഷി കുടുംബങ്ങളിൽ നിന്നും സിപിഎമ്മിനെതിരെ സമാന രീതിയിൽ പ്രതികരണങ്ങൾ ഉയർന്നു വരുവാൻ സാധ്യതയുണ്ടെന്നും കെ.സുധാകരൻ എം.പി പറഞ്ഞു.