ഇപിയെ നീക്കിയത് മുഖം രക്ഷിക്കാനുള്ള നടപടിയുടെ ഭാഗം; ബിജെപി നേതൃത്വവുമായി സംസാരിച്ചത് മുഖ്യമന്ത്രിക്കുവേണ്ടിയെന്ന് കെ. സുധാകരന്‍ എംപി

Jaihind Webdesk
Saturday, August 31, 2024

 

കണ്ണൂർ: ഇ.പി. ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നും നീക്കിയത് മുഖം രക്ഷിക്കാനുള്ള നടപടിയുടെ ഭാഗമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് ജയരാജന്‍ ബിജെപി നേതൃത്വവുമായി സംസാരിച്ചത്. ലാവലിൻ അടക്കമുള്ള കേസുകളിൽ നിന്ന് രക്ഷപെടുത്താനായിരുന്നു ചർച്ച. അതിന്‍റെ പ്രത്യുപകാരമായി ബിജെപിക്ക് തൃശൂരിൽ സിപിഎം വോട്ട് ചെയ്തതെന്നും കെ. സുധാകരൻ എംപി കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

സിപിഎമ്മിന് ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ രഹസ്യ കൂടിക്കാഴ്ച ഉണ്ടായപ്പോള്‍ തന്നെ നടപടിയെടുക്കേണ്ടതായിരുന്നു. എന്നാലതിന് തയാറാകാതെ സിപിഎം അന്ന് ഒളിച്ചുകളിച്ചു. ഇ.പി. ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയാണ്. മുഖ്യമന്ത്രിക്കെതിരായ കേസുകള്‍ ഒതുക്കി തീര്‍ക്കുന്നതിനും തിരഞ്ഞെടുപ്പില്‍ ധാരണ ഉണ്ടാക്കുന്നതിനും ബിജെപിയുമായുള്ള ലെയ്‌സണ്‍ വര്‍ക്കാണ് ഇ.പി. ജയരാജന്‍ നടത്തിയത്. അതിന്‍റെ ഫലമായാണ് ലോകസ്ഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ഉള്‍പ്പെടെ സിപിഎം വോട്ടുകള്‍ വ്യാപകമായി ബിജെപിയിലേക്ക് പോയത്.

ബിജെപിയുമായി രഹസ്യബന്ധം സൂക്ഷിച്ച ഇ.പി. ജയരാജനെതിരെ മാത്രമല്ല, മുഖ്യമന്ത്രിക്കെതിരെയും സിപിഎം നടപടിയെടുക്കണം. പിണറായി വിജയനും പ്രകാശ് ജാവദേക്കറെ കണ്ടതായി പറഞ്ഞിട്ടുണ്ട്. ബിജെപിയുടെ കേരളത്തിന്‍റെ ചുമതല വഹിക്കുന്ന നേതാവിനെ പിണറായി കണ്ടതും തെറ്റാണ്. തെറ്റുതിരുത്തല്‍ ആരംഭിക്കുകയാണെങ്കില്‍ അത് മുഖ്യമന്ത്രിയില്‍ നിന്ന് തുടങ്ങണം. മുഖ്യമന്ത്രിയുടെ ദല്ലാളായി പ്രവര്‍ത്തിച്ച ഇ.പി. ജയരാജനെതിരെ നടപടിയെടുത്ത സിപിഎം സ്ത്രീപീഡകനായ എം. മുകേഷ് എംഎല്‍എ സരംക്ഷിച്ചതിലൂടെ അവരുടെ നിലപാടിലെ ഇരട്ടത്താപ്പ് വ്യക്തമായെന്നും കെ. സുധാകരന്‍ പറഞ്ഞു.