K Sudhakaran| കടമ്പൂരിന് കെ. സുധാകരന്‍ എം.പി.യുടെ സ്‌നേഹ സമ്മാനം; 50 ലക്ഷം രൂപയുടെ ഫുട്‌ബോള്‍ ടര്‍ഫ് നാടിന് സമര്‍പ്പിച്ചു

Jaihind News Bureau
Sunday, November 2, 2025

കണ്ണൂര്‍ കടമ്പൂര്‍ പഞ്ചായത്തിലെ കായിക പ്രേമികള്‍ക്കും യുവജനതയ്ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കെ. സുധാകരന്‍ എം.പി.യുടെ സ്‌നേഹ സമ്മാനമായി ഫുട്‌ബോള്‍ ടര്‍ഫ് യാഥാര്‍ഥ്യമായി. കെ. സുധാകരന്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കടമ്പൂരില്‍ നിര്‍മ്മിച്ച ഫുട്‌ബോള്‍ ടര്‍ഫ് എം.പി. തന്നെ നാടിന് സമര്‍പ്പിച്ചു.

കെ. സുധാകരന്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപയാണ് ടര്‍ഫ് നിര്‍മ്മാണത്തിനായി അനുവദിച്ചത്. ഫുട്‌ബോള്‍ കളിക്കാനായി ഒരിടം വേണമെന്ന യുവ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണ് ടര്‍ഫ് നിര്‍മ്മാണത്തിലൂടെ പൂവണിഞ്ഞത്. ടര്‍ഫിന്റെ ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം ആദ്യത്തെ കിക്ക് എടുത്ത് ചടങ്ങിന് തുടക്കം കുറിച്ചു. ടര്‍ഫ് കായിക മണ്ഡലത്തില്‍ ഒരു നാഴികക്കല്ലായി മാറുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കെ. സുധാകരന്‍ എം.പി. അഭിപ്രായപ്പെട്ടു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. പ്രമീള അധ്യക്ഷയായ ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി. പ്രേമവല്ലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ.വി. ജയരാജ്, കെ.വി. പ്രദീപന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, പൊതുജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സാഗി പദ്ധതിയില്‍ ഉള്‍പ്പെടുത്തി യു.ഡി.എഫ്. ഭരിക്കുന്ന കടമ്പൂര്‍ പഞ്ചായത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് കെ. സുധാകരന്‍ എം.പി. നടപ്പിലാക്കിയത്. റോഡ് നിര്‍മ്മാണത്തിനും, തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനും ഉള്‍പ്പടെ എം.പി.യുടെ ഫണ്ട് വിനിയോഗിച്ചിട്ടുണ്ട്.