K Sudhakaran M P| കെ. സുധാകരന്‍ എം.പി.യുടെ സ്‌നേഹ സമ്മാനം: 26 അംഗപരിമിതര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയറുകള്‍ വിതരണം ചെയ്തു

Jaihind News Bureau
Friday, October 10, 2025

കണ്ണൂര്‍: അംഗപരിമിതര്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കെ. സുധാകരന്‍ എം പിയുടെ സ്‌നേഹ സമ്മാനം. എം.പി.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 26 അംഗപരിമിതര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയറുകള്‍ വിതരണം ചെയ്തു.

എം.പി. ഫണ്ടില്‍ നിന്നുള്ള 28 ലക്ഷത്തി 60,000 രൂപ ഉപയോഗിച്ചാണ് തെരഞ്ഞെടുക്കപ്പെട്ട 26 പേര്‍ക്ക് വീല്‍ചെയറുകള്‍ വാങ്ങിയത്. ജവഹര്‍ ലൈബ്രറി ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് കെ. സുധാകരന്‍ എം.പി. ഇലക്ട്രോണിക് വീല്‍ചെയറുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു.

കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി. ഇന്ദിര, മുന്‍ മേയര്‍ ടി. ഒ. മോഹനന്‍, വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാജേഷ് എം. പി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അബ്ദുല്‍ റസാഖ് കെ. പി, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ബിജു .പി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇലക്ട്രോണിക് വീല്‍ചെയര്‍ സ്വീകരിക്കാനെത്തിയവരുമായി അല്‍പസമയം ചെലവഴിച്ച ശേഷമാണ് കെ. സുധാകരന്‍ എം.പി. മടങ്ങിയത്. തന്റെ എം.പി. ഫണ്ടില്‍ നിന്ന് എല്ലാ വര്‍ഷവും ഭിന്നശേഷിക്കാരുടെയും അംഗപരിമിതരുടെയും ക്ഷേമത്തിനായി ഒരു കോടി രൂപ കെ. സുധാകരന്‍ എം.പി. ചെലവഴിക്കാറുണ്ട്.