തറ രാഷ്ട്രീയം കളിക്കുന്ന ഗവര്‍ണറോട് സഹതാപം മാത്രം: കെ സുധാകരന്‍ എംപി

തിരുവനന്തപുരം : തറ രാഷ്ട്രീയം കളിക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനോട് സഹതാപം മാത്രമെന്ന്കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പി. ഇങ്ങനെ ഒരു ഗവർണറെ തിരിച്ചുവിളിക്കണമെന്ന് കേരളം ഒന്നടങ്കം ആവശ്യപ്പെടേണ്ടതാണ്. യുഡിഎഫില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേരളം പോലെ വിദ്യാസമ്പന്നമായ സാംസ്‌കാരികമായി മുന്നിൽ നിൽക്കുന്ന ഒരു സംസ്ഥാനത്തിൽ ഇങ്ങനെ ഒരു ഗവർണറെ ചിന്തിക്കാൻ കൂടി കഴിയില്ലെന്ന് കെ സുധാകരന്‍ എംപി പറഞ്ഞു. ഇന്ന് പറയുന്നതല്ല ഗവർണർ നാളെ പറയുന്നത്. സ്ഥിരമായ അഭിപ്രായമില്ലാത്ത ഗവർണറുടെ പ്രതികരണത്തിൽ മറുപടി പറയുന്നത് തന്നെ കരുതിവേണം. പെൻഷൻ വിഷയത്തിൽ അഭിപ്രായം പറയാൻ ഗവർണർ ആരുമല്ല. അത് തെറ്റായ ഇടപെടലാണെന്നും ഗവർണർ പറയുന്നത് തനി രാഷ്ട്രീയമാണെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ ഗവര്‍ണറുടെ പരാമർശം അനുചിതമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സന്ദർഭത്തിനും സാഹചര്യത്തിനും അനുസരിച്ച് ഉചിതമായ പ്രതികരിക്കുന്ന പ്രതിപക്ഷ നേതാവാണ് വി.ഡി സതീശന്‍. അക്കാര്യത്തിൽ പാർട്ടിക്ക് ഒരു അഭിപ്രായവ്യത്യാസവുമില്ല. പിന്നെ ഗവർണർക്ക് ഇതിൽ കാര്യമെന്താണ്. ഇതെല്ലാം ഗവർണറെ ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യനാക്കുകയാണ്. ഗവർണർ എന്ന  മഹനീയമായ സ്ഥാനത്തെ തകർക്കുന്ന നടപടിയാണ് ഉണ്ടാകുന്നത്. ഇത്തരത്തിൽ ഒരു ഗവർണറെ കേരളം ഇതുവരെ കണ്ടിട്ടില്ല. അദ്ദേഹത്തോട് സഹതാപമാണുള്ളതെന്നും കെ സുധാകരൻ എംപി പറഞ്ഞു.

Comments (0)
Add Comment