ചേറ്റൂര്‍ ശങ്കരന്‍ നായര്‍ അനുസ്മരണ ദിനത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ കണ്ണൂര്‍ കെപിസിസിയില്‍ പുഷ്പാര്‍ച്ചന നടത്തി. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹത്തെ സ്മരിക്കുകയും ചെയ്തു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് പദവയിലെത്തിയ ഏക മലയാളിയും , ധീരദേശാഭിമാനിയുമായ സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ഓര്‍മദിനമാണ് ഇന്ന്. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ ഒരു ഇന്ത്യക്കാരന് എത്തിച്ചേരാന്‍ കഴിയാവുന്ന ഏറ്റവും ഉയര്‍ന്ന പദവിയായ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലിലെ വിദ്യാഭ്യാസച്ചുമതലയുള്ള അംഗമായിരുന്ന അദ്ദേഹം ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയെ തുടര്‍ന്ന് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ നിന്നും രാജിവെച്ച് ഇറങ്ങിപ്പോന്ന രാജ്യസ്‌നേഹിയായിരുന്നു.
കോണ്‍ഗ്രസ് പ്രസ്ഥാനത്തിനു മാത്രം അവകാശപ്പെടാവുന്ന അഭിമാനകരമായ സ്വാതന്ത്ര്യ സമര ചരിത്രങ്ങളെ വളച്ചൊടിച്ച് തങ്ങളുടേതാക്കി ഹൈജാക്ക് ചെയ്യാന്‍ സംഘപരിവാറുകാര്‍ ശ്രമിക്കുന്ന ഒരു കാലത്താണ് സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ഓര്‍മദിനം കടന്നു വരുന്നത്. കോണ്‍ഗ്രസിന്റെ പ്രൗഢമായ ചരിത്രത്തിലെ നാള്‍വഴികളില്‍ ഒരിക്കലും മായാത്ത നാമങ്ങളിലൊന്നായി സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ഓര്‍മകള്‍ തുടിച്ചു നില്‍പ്പുണ്ട്.
വൈദേശിക മേധാവിത്വത്തിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കുകയും ഇന്ത്യയ്ക്ക് സ്വന്തമായി സ്വയംഭരണം വേണമെന്ന നിലപാടുയര്‍ത്തി ദേശീയ പ്രസ്ഥാനത്തെ നയിക്കുകയും ചെയ്ത മലയാളത്തിന്റെ അഭിമാനപുത്രനാണ് ചേറ്റൂര്‍ ശങ്കരന്‍നായര്‍.
മരണം വരെ കോണ്‍ഗ്രസുകാരായി ഉറച്ചു നിന്നവരെ വര്‍ഗീയ രാഷ്ട്രീയത്തിന്റെ വക്താക്കളാക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ ചരിത്രത്തോടുള്ള അനീതി ചേറ്റൂരിന്റെ കാര്യത്തിലും സംഭവിക്കുന്നത് നമ്മള്‍ കണ്ടുകൊണ്ട് ഇരിക്കുകയാണ്.
രാജ്യത്തിന്റെ നിര്‍മ്മിതിയില്‍ ഒരു സംഭാവനയും നല്‍കാത്ത ബിജെപിക്കാര്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരും സാമ്രജാത്യ ശക്തികള്‍ക്ക് വേണ്ടി നിലപാടെടുത്തുവരുമാണ്. അവരുടെ ഇളമുറക്കാര്‍ കടമെടുത്ത പൈതൃകം കൊണ്ട് ദേശസ്നേഹത്തിന്റെ കപട പ്രതിച്ഛായ സൃഷ്ടിക്കാനാണ് നോക്കുന്നത്.
ആവര്‍ത്തിച്ചാവര്‍ത്തിച്ച് നുണകള്‍ പ്രചരിപ്പിച്ച് ചരിത്രത്തെ കാവിവത്കരിക്കാനുള്ള കുടില നീക്കങ്ങളില്‍ മലയാളികളുടെ അഭിമാനമായ സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ഓര്‍മകളും വലിച്ചിഴക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാനും . സത്യമെന്തെന്ന് പുതുതലമുറയെ അറിയിക്കാനുള്ള ദൗത്യം എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ ഏറ്റെടുക്കണമെന്ന് ഈയവസരത്തില്‍ ആവശ്യപ്പെടുന്നു. പ്രിയ നേതാവിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു.