കുട്ടിയെ കണ്ടെത്താനായത് ആശ്വാസകരം; ക്രിമിനല്‍ സംഘത്തെ അടിയന്തരമായി പിടികൂടണമെന്ന് കെ. സുധാകരന്‍ എംപി

Jaihind Webdesk
Tuesday, November 28, 2023

 

തിരുവനന്തപുരം: തട്ടിക്കൊണ്ടുപോയ ആറു വയസുകാരി അബിഗേല്‍ സാറ റെജിയെ കണ്ടെത്തിയത് വളരെ ആശ്വാസകരമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. കേരളീയ സമൂഹത്തിന്‍റെ ഇടപെടലും പിന്തുണയും കുട്ടിയെ കണ്ടെത്തുന്നതിന് സഹായകരമായി. കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയെങ്കിലും തട്ടിക്കൊണ്ടുപോയ സംഘങ്ങളെ കണ്ടെത്താന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല എന്നുള്ളത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം ഓയൂര്‍ ഭാഗത്തു നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയി 21 മണിക്കൂറിനു ശേഷം കൊല്ലം നഗരത്തിലെ തിരക്കേറിയ പ്രദേശത്തിന് സമീപമാണ് കുട്ടിയെ സംഘം ഉപേക്ഷിച്ചത്. ഇത്രയും ദൂരം പോലീസിന്‍റെ കണ്ണുവെട്ടിച്ച് എങ്ങനെയാണ് ഈ സംഘത്തിന് സഞ്ചരിക്കാനായതെന്ന് കെ. സുധാകരന്‍ എംപി ചോദിച്ചു.

കേരളത്തിന്‍റെ മുക്കിലും മൂലയിലും എഐ ക്യാമറ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും വലിയ പോലീസ് സന്നാഹവും ഉള്ളപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. ഇത് സുരക്ഷാവീഴ്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ക്രിമിനല്‍ സംഘത്തെ അടിയന്തരമായി കണ്ടെത്തണമെന്നും കര്‍ശനമായ നിയമനടപടികള്‍ ഉണ്ടാകണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.